ചണ്ഡീഗഢ്: സ്വകാര്യ മേഖലയിലെ തൊഴിൽ മേഖലകളിൽ സംസ്ഥാനത്തുള്ളവർക്ക് 75 ശതമാനം സംവരണം അനുവദിക്കുന്ന ഹരിയാന സർക്കാരിന്റെ നിയമം റദ്ദാക്കി പഞ്ചാബ്, ഹരിയാന ഹൈകോടതി.
2021ൽ വിവിധ വ്യവസായ സ്ഥാപനങ്ങൾ നൽകിയ ഹരജികളിലാണ് ജസ്റ്റിസുമാരായ ജി.എസ്. സന്ദാവാലിയയുടെയും ഹർപ്രീത് കൗർ ജീവന്റെയും ബെഞ്ചിന്റെ തീരുമാനം.
ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ആക്ട്, 2020 നിയമപ്രകാരം 30,000 രൂപയിൽ താഴെ പ്രതിമാസ ശമ്പളം നൽകുന്ന തസ്തികകളിൽ സ്വകാര്യ സ്ഥാപനങ്ങൾ സംസ്ഥാനത്തെ യുവാക്കളെ നിയമിക്കണം. 10 വർഷത്തേക്കായിരുന്നു നിയമം പ്രാബല്യത്തിൽ ഉണ്ടാകുക.
നിയമം ഭരണഘടനാ വിരുദ്ധവും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്നും വ്യവസായ സ്ഥാപനങ്ങൾ കോടതിയെ അറിയിച്ചു. വിപണിയിലെ മത്സരം തുടരാനും വ്യാപാരങ്ങൾ വളരാനുള്ള അടിത്തറക്കും വിലങ്ങുതടിയാകുമെന്നും വ്യവസായ സ്ഥാപനങ്ങൾ പറഞ്ഞു.