കേംബ്രിഡ്ജ്: യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി പ്രതിഷേധക്കാര്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളിലാണ് വിദ്യാര്‍ത്ഥികള്‍ പതാകയുയര്‍ത്തിയത്.
സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.
ഇസ്രഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ലോകമെമ്പാടുമുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ ഐ. വി. ലീഗ് സ്‌കൂള്‍ ക്യാമ്പസ്സിലും നടത്തുന്ന പ്രക്ഷോഭം തുടര്‍ന്ന് വരുകയാണ്. ഇതിനുപിന്നാലെയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും പ്രതിഷേധം.
ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. സര്‍വകലാശാല നയത്തിന്റെ ലംഘനമാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബ്‌ളൂമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.
സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധങ്ങളില്‍, വിദ്യാര്‍ത്ഥികളും വിദ്യര്‍ത്ഥികളല്ലാത്തവരും മാര്‍ച്ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചും ഫലസ്തീന്‍ പതാകകള്‍ വീശിയുമാണ് മാര്‍ച്ച് നടത്തിയത്.
തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യു.എസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.
അതേസമയം രാജ്യവ്യാപകമായ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സെനറ്റ് റിപ്പപ്ലിക്കന്‍ നേതാവ് രംഗത്തെത്തി. ഈ രാജ്യത്ത് ഇത്തരം പ്രതിഷേധം കണ്ടപ്പോള്‍ ഞെട്ടിയെന്നും, ഇതൊരു അപകടകരമായ സാഹചര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
Content Highlight: Harvard University protesters raise Palestinian flag, nearly 900 arrested in US