Advertisement
Sports News
ഇത്തരമൊരു അരങ്ങേറ്റമല്ല ആരാധകര്‍ ആഗ്രഹിച്ചത്; കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ മോശം റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 06, 09:07 am
Thursday, 6th February 2025, 2:37 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

രണ്ട് ഇന്ത്യന്‍ താരങ്ങളുടെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തിന് കൂടിയാണ് നാഗ്പൂര്‍ വേദിയായത്. യശസ്വി ജെയ്‌സ്വാളും ഹര്‍ഷിത് റാണയുമാണ് ഏകദിനത്തില്‍ തങ്ങളുടെ അരങ്ങേറ്റം കുറിച്ചത്.

എന്നാല്‍ കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ ഒരു മോശം റെക്കോഡാണ് ഹര്‍ഷിത് റാണക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരങ്ങളുടെ പട്ടികയിലാണ് ഹര്‍ഷിത് ഇടം നേടിയത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആറാം ഓവറില്‍ 26 റണ്‍സാണ് ഹര്‍ഷിത്തിന് വഴങ്ങേണ്ടി വന്നത്. മൂന്ന് സിക്‌സറും രണ്ട് ഫോറുമാണ് ഫില്‍ സോള്‍ട്ട് ഹര്‍ഷിത് റാണക്കെതിരെ നേടിയത്. ഇതോടെ യുവരാജ് സിങ്ങും ഇഷാന്ത് ശര്‍മയും ഒന്നാമനായ അനാവശ്യ ലിസ്റ്റില്‍ മൂന്നാം സ്ഥാനക്കാരനായാണ് റാണ ഇടം പിടിച്ചത്.

അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

യുവരാജ് സിങ് – ഇംഗ്ലണ്ട് – 30 – 2007

ഇഷാന്ത് ശര്‍മ – ഓസ്‌ട്രേലിയ – 30 – 2014

ക്രുണാല്‍ പാണ്ഡ്യ – ഇംഗ്ലണ്ട് – 28 – 2021

ഹര്‍ഷിത് റാണ – ഇംഗ്ലണ്ട് – 26 – 2025*

രവി ശാസ്ത്രി – ഇംഗ്ലണ്ട് – 26 – 1981

എന്നാല്‍ തന്റെ മൂന്നാം ഓവറില്‍ ഏറ്റുവാങ്ങേണ്ടി വന്ന തിരിച്ചടിക്ക് സ്‌പെല്ലിലെ അടുത്ത ഓവറില്‍ റാണ മറുപടി നല്‍കി. ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അരങ്ങേറ്റക്കാരന്‍ സ്വന്തമാക്കിയത്.

അതേസമയം, മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 77ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. ഫില്‍ സാള്‍ട്ട് (26 പന്തില്‍ 43), ബെന്‍ ഡക്കറ്റ് (29 പന്തില്‍ 32), ഹാരി ബ്രൂക്ക് (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഫില്‍ സാള്‍ട്ട് റണ്‍ ഔട്ടായപ്പോള്‍ മറ്റ് രണ്ട് താരങ്ങളെയും റാണയും പുറത്താക്കി.

രണ്ട് പന്തില്‍ ഒരു റണ്ണുമായി റൂട്ടും ബ്രൂക്കിന് ശേഷം കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്‌സ്റ്റണ്‍, ജേകബ് ബേഥല്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

 

Content Highlight: Harshit Rana joins the list of Indian players who have conceded the most runs in an over in ODIs