Sports News
അരങ്ങേറ്റത്തില്‍ തന്നെ മോശം റെക്കോഡും തലയില്‍ വീണു!
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 07, 10:25 am
Friday, 7th February 2025, 3:55 pm

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 68 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ 1-0ന് പരമ്പരയില്‍ മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 47.4 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് രവീന്ദ്ര ജഡേജയും യുവ താരം ഹര്‍ഷിത് റാണയുമാണ്. ഇരുവരും മൂന്ന് വിക്കറ്റ് വീതമാണ് നേടിയത്. ജഡേജ ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

മത്സരത്തില്‍ റാണ ഏഴ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് നേടിയത്. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും നേടാന്‍ സാധിച്ചു. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് അരങ്ങേറ്റക്കാരന്‍ റാണയെ തലങ്ങും വിലങ്ങും അടിച്ച് 26 റണ്‍സാണ് നേടിയത്.

ഇതോടെ ഒരു മോശം റെക്കോഡും താരത്തിന്റെ തലയില്‍ വീണിരിക്കുകയാണ്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് റാണയുടെ തലയില്‍ വീണത്.

എന്നിരുന്നാലും ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മികച്ച തുടക്കം തന്നെയാണ് താരത്തിനുള്ളതെന്ന് പറയാനാകും. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ റാണ 3/48 എന്ന ബൗളിങ് പ്രകടനവും ടി-20ഐയില്‍ ഇംഗ്ലണ്ടിനെതിരെ 3/33 എന്ന പ്രകടനവും ഇപ്പോള്‍ ഏകദിനത്തില്‍ 3/53 എന്ന ബൗളിങ് പ്രകടനവും പുറത്തെടുത്തു.

 

Content Highlight: Harshit Rana In Unwanted Record Achievement