കഴിഞ്ഞ ദിവസമാണ് ടി-20 ലോകകപ്പിലേക്കുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ തെരഞ്ഞെടുത്തത്. ഏഷ്യാ കപ്പില്‍ മത്സരിച്ച താരങ്ങളില്‍ നിന്ന് വലിയ മാറ്റമില്ലാതെയാണ് ലോകകപ്പിലേക്കുള്ള ടീമിനെ തീരുമാനിച്ചത്.
ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും മടങ്ങി വരവും രവീന്ദ്ര ജഡേജ പരിക്ക് കാരണം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമാണ് എടുത്തു പറയാവുന്ന മാറ്റങ്ങള്‍.
ടി-20 ലോകകപ്പിലേക്ക് പൂര്‍ണ തയ്യാറെടുപ്പോടെയുള്ള തിരിച്ചു വരവിനൊരുങ്ങുകയാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന താരങ്ങളില്‍ ഒരാളായ ഹര്‍ഷല്‍ പരിക്ക് കാരണം 2022ലെ ഏഷ്യാ കപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്നെ നന്നായി പിന്തുണച്ചിട്ടുണ്ടെന്നും ഇരുവരും ടീമിനെ മുഴുവന്‍ പിന്തുണക്കുന്നുണ്ടെന്നും ഹര്‍ഷല്‍ പറഞ്ഞു.
‘കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പിന്തുണയല്ലാതെ മറ്റൊന്നുമല്ല. അവര്‍ എന്നെ മാത്രമല്ല ടീമിലെ മറ്റെല്ലാവര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ടീമില്‍ എന്റെ റോള്‍ എന്താണെന്ന് വ്യക്തമാക്കിത്തരികയും അതിന് വേണ്ട ആത്മവിശ്വാസം നല്‍കുകയും ചെയ്തിട്ടുണ്ട്, ഹര്‍ഷല്‍ പറഞ്ഞു
ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പൂര്‍ണ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ തനിക്ക് സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഹര്‍ഷല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘എന്റെ ബൗളിങ്ങ് മെച്ചപ്പെടുത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സ്ലോ ബോളിന്റെ നീളവും അത് എവിടെയാണ് കൂടുതല്‍ ഫലപ്രദമാകുകയെന്നും ഞാന്‍ പരിശോധിച്ചു.
നേരത്തെ ഞാന്‍ സ്ലോ ബോള്‍ എറിയുമായിരുന്നു, പിന്നീട് അത് ലെങ്ത് ബോള്‍ ആക്കി. ഇപ്പോള്‍ വീണ്ടും ഷോര്‍ട്ട് ബോള്‍ എറിയുന്നു. അത് വളരെ ഫലപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു, ടീം ഇന്ത്യയിലോ ആര്‍.സി.ബിയിലോ അവസരം ലഭിച്ചാല്‍ ഞാന്‍ അതിന് തയ്യാറാണ്,’ ഹര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരക്ക് നാളെ ആരംഭിക്കും. മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി കളിക്കുന്നത്. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30 ന് ആരംഭിക്കും.