കോഴിക്കോട്: ഹരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് വിവിധ കോളേജുകളിലെ എം.എസ്.എഫ് യൂണിറ്റുകള്‍ കത്തയച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സംഘടനകള്‍ക്കും മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും ആഗസ്റ്റ് 20 ന് അയച്ച കത്തില്‍ പറയുന്നുണ്ട്. കോഴിക്കോട് ഫാറൂഖ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് എന്നിവിടങ്ങളിലെ എം.എസ്.എഫ് യൂണിറ്റുകളാണ് ലീഗ് നേതൃത്വത്തിന് കത്തയച്ചത്.
കുറ്റാരോപിതരായ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. നേരത്തെ ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചിരുന്നു.
ഹരിതാനേതാക്കളുടെ പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രയാസമുണ്ടെന്നുമാണ് പ്രസ്താവനയില്‍ പറഞ്ഞത്.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.
വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.
വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിത നേതാക്കളുടെ നിലപാട്. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമാണ് ഹരിതയെടുക്കുന്ന നിലപാട്.
എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
അതേസമയം അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.
താന്‍ വ്യക്തിപരമായോ ലിംഗപരമായോ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നുമാണ് പി.കെ. നവാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.