Entertainment news
'സൂക്ഷിച്ച് നോക്കേണ്ടെടാ ഇത് ഞാന്‍ തന്നെയാ'; മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ച് ഹരിശ്രി അശോകന്റെ പുതിയ വര്‍ക്ക് ഔട്ട് ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 18, 12:59 pm
Saturday, 18th December 2021, 6:29 pm

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന നിരവധി താരങ്ങളുണ്ട്. ഇതില്‍ പലരുടെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ വൈറലായിരിക്കുകയാണ് നടന്‍ ഹരിശ്രി അശോകന്റെ ചിത്രം.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോട് സാമ്യമുള്ള തരത്തിലാണ് ഹരിശ്രീ അശോകന്റെ ചിത്രം.

ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വെച്ച് നില്‍ക്കുന്നതാണ് ഹരിശ്രി അശോകന്റെ ചിത്രം. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. നോക്കേണ്ടെടാ ഉണ്ണി ഇത് ഞാനല്ല, എന്ന ഹരിശ്രീ അശോകന്റെ തന്നെ ഹിറ്റ് ഡയലോഗ് ഉപയോഗിച്ചും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഒരു 57 വയസുകാരനാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ഓര്‍മിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. 1989-ല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ഹരിശ്രി അശോകന്‍ പാര്‍വതി പരിണയം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

1998 ല്‍ റിലീസ് ചെയ്ത പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണന്‍ എന്ന കഥാപാത്രത്തിന് ഇപ്പോഴും ആരാധകരുണ്ട്. ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് രമണന്‍.

സൂപ്പര്‍ താരങ്ങള്‍ക്കുള്ള പോലെ രമണന്‍ എന്ന കഥാപാത്രത്തിനും ഫാന്‍സ് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ രമണന്‍ ഫാന്‍സും മണവാളന്‍ ഫാന്‍സും ദശമൂലം ദാമു ഫാന്‍സും തമ്മില്‍ ഫാന്‍ ഫൈറ്റുകള്‍ അടക്കം നടക്കാറുണ്ട്.