മൂലധനത്തിന്റെയും വിഭവാധികാരത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം പതിറ്റാണ്ടുകള്‍ക്ക് മുന്നെ മനസ്സിലാക്കിയ നേതാവ്
Memoir
മൂലധനത്തിന്റെയും വിഭവാധികാരത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം പതിറ്റാണ്ടുകള്‍ക്ക് മുന്നെ മനസ്സിലാക്കിയ നേതാവ്
ഹരീഷ് വാസുദേവന്‍
Saturday, 30th May 2020, 6:41 pm

2003 ലാണ് നിയമം പഠിക്കാന്‍ ഞാന്‍ കോഴിക്കോടെത്തുന്നത്. ഒഡേസ സത്യന്റെ കവി അയ്യപ്പനെക്കുറിച്ചുള്ള ‘ഇത്രയും യാതഭാഗം’ എന്ന ഡോക്യൂമെന്ററിക്ക് വേണ്ടിയുള്ള പണപിരിവിനായാണ് മാതൃഭൂമിയിലെ സുധീറിനെ കാണാന്‍ ചെല്ലുന്നത്. ആ ബന്ധമാണ് ശ്രീ.വീരേന്ദ്രകുമാറിനെ കാണാന്‍ വഴിയൊരുക്കുന്നത്. അതിനും മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരുടെ സമരകാലത്ത് തന്നെ അച്ഛന്‍ വാങ്ങിത്തന്ന ‘ഗാട്ടും കാണാച്ചരടും’ എന്ന പുസ്തകവും ലൈബ്രറിയില്‍ നിന്നെടുത്ത ‘രാമന്റെ ദുഃഖവും’ ഒക്കെ പൂര്‍ണ്ണമായി അര്‍ത്ഥമറിയാതെ വായിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്ന ആര്‍ക്കും വീരേന്ദ്രകുമാര്‍ അന്ന് അപരിചിതനല്ല.

പ്ലാച്ചിമടയിലെ കൊക്കകൊള പ്ലാന്റ് തദ്ദേശീയരായ മനുഷ്യരുടെ കുടിവെള്ളം ഊറ്റി വിറ്റ് ലാഭം ഉണ്ടാക്കി ആ നാടിനെ ഊഷരമാക്കുന്നു എന്ന വാര്‍ത്ത മാതൃഭൂമി ഏറ്റെടുക്കുന്നതോടെ വലിയ പ്രശ്‌നമാകുന്നു. ഇന്നത്തെ മന്ത്രി ശ്രീ.കൃഷ്ണന്‍കുട്ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അന്നത്തെ ജനതാദള്‍ അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പ്ലാച്ചിമട സമരത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നത്.

പിന്നീടത് ലോകം ശ്രദ്ധിച്ച വലിയ സമരമായി മാറി. ലോകജലസമ്മേളനം പ്ലാച്ചിമടയില്‍ നടത്തി. വീരേന്ദ്രകുമാര്‍ കൊക്കകോളയ്ക്ക് എതിരെ നിലപാട് എടുത്തതോടെ മാതൃഭൂമിയ്ക്ക് നല്‍കിയിരുന്ന പരസ്യം കമ്പനി നിര്‍ത്തലാക്കി. ഭീമമായ നഷ്ടത്തിലും ആ കമ്പനിവിരുദ്ധ നിലപാട് വീരേന്ദ്രകുമാര്‍ വിട്ടില്ല. അത് അദ്ദേഹത്തിനോടുള്ള ബഹുമാനം വര്‍ധിപ്പിച്ചു.

പെരുമാട്ടി പഞ്ചായത്ത് സര്‍ക്കാരിനും കമ്പനിക്കും എതിരെ കേസ് നടത്തി. കുടിവെള്ളം സ്‌റ്റേറ്റിന്റെയോ കമ്പനിയുടെയോ അല്ല, തദ്ദേശീയരായ മനുഷ്യരുടെ വരാനിരിക്കുന്ന തലമുറകളുടെ ആണെന്നും അത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം ആണ് സര്‍ക്കാറുകള്‍ക്കെന്നും ഉള്ള ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. ബാലകൃഷ്ണന്‍ നായരുടെ സിംഗിള്‍ ബഞ്ച് വിധി വന്നതോടെ പരിസ്ഥിതി രാഷ്ട്രീയത്തിന് പുതിയ മാനം കൈവന്നു. ആളായും അര്‍ത്ഥമായും ആ സമരത്തെ വീരേന്ദ്രകുമാര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ സമരം ഇത്രമേല്‍ വിജയിക്കുമായിരുന്നോ എന്നു സംശയമുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ പ്ലാച്ചിമടയിലെ ജലസമ്മേളനം ഇന്ത്യയിലെ പരിസ്ഥിതിരാഷ്ട്രീയത്തിന്റെ നാഴികക്കല്ലാണ്.

2004 നും 2013 നുമിടയില്‍ പലതവണ പൊതുപരിപാടികളിലും മാതൃഭൂമിയിലും വീട്ടിലുമെല്ലാം പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. വെളിച്ചം കാണാത്ത ഒരു ചാനലിന് വേണ്ടി 2012 ല്‍ ഒരിക്കല്‍ വീട്ടില്‍ പോയി ഇന്റര്‍വ്യൂ ചെയ്തിട്ടുമുണ്ട്. എരയാംകുടിയിലെ ജയശ്രീ ടീച്ചറുടെ വയല്‍സംരക്ഷണ സമരം, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം എന്നിവയൊക്കെ മാതൃഭൂമിയെക്കൊണ്ട് ഏറ്റെടുപ്പിച്ചത് വീരേന്ദ്രകുമാറിന്റെ വിഭവങ്ങളോടുള്ള സോഷ്യലിസ്റ്റ് നിലപാടാണ്. പിന്നീട് കേരളത്തിന്റെ പരിസ്ഥിതി ചരിത്രത്തിലെ നിര്‍ണ്ണായകമായ നെല്‍വയല്‍ സംരക്ഷണ നിയമത്തിലേക്കും പ്ലാച്ചിമട ബില്ലിലേക്കും കേരള നിയമസഭയെ എത്തിച്ച തുടര്‍രാഷ്ട്രീയ പ്രക്രിയയില്‍ വീരേന്ദ്രകുമാറും മാതൃഭൂമിയും നിര്‍ണ്ണായക പങ്കുവഹിച്ചു. അത് ചരിത്രമായി.

യാത്രയും വായനയും അദ്ദേഹത്തിന്റെ നിരന്തര ഊര്‍ജ്ജമായിരുന്നു. ഒരു സോഷ്യലിസ്റ്റ് വായിച്ചിരിക്കേണ്ട ലോകത്തെ മിക്ക നല്ല പുസ്തകങ്ങളും അദ്ദേഹം വായിച്ചിരിക്കും. വായനയോട് ഒരുതരം ആവേശമാണ് അദ്ദേഹത്തിന് എന്ന് തോന്നിയിട്ടുണ്ട്. 51 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടത്രേ. എപ്പോള്‍ കണ്ടാലും അപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെപ്പറ്റി, അതിലെ പുതിയ ഉള്‍ക്കാഴ്ചകളെപ്പറ്റി സംസാരിക്കും. ടെഹ്രി അണക്കെട്ടിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യരെ നേരില്‍ കണ്ട വേദനയാണ്, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന, ഭൂമി നഷ്ടപ്പെടുന്ന മനുഷ്യരെപ്പറ്റിയാണ് 2014 ല്‍ അവസാനം കണ്ടപ്പോള്‍ ദീര്‍ഘമായി സംസാരിച്ചത്. അതിനു വ്യക്തിപരമായി അടുപ്പം വേണമെന്നൊന്നുമില്ല എന്നു മനസിലായി. ആരോടും പെട്ടെന്ന് അടുപ്പമുണ്ടാക്കും. വന്നയാളുടെ പ്രായവ്യത്യാസമൊന്നും ഈ ചര്‍ച്ചയ്ക്ക് തടസ്സവുമല്ല. കുടുംബത്തോടൊപ്പം ഭക്ഷണവും വിളമ്പും. വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന ആ സ്വഭാവം പ്രസിദ്ധമാണ്.

എത്രയോ രാഷ്ട്രീയ നേതാക്കളെ ജീവിതത്തില്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരം സുസ്ഥിരവികസന രാഷ്ട്രീയം നിരന്തരം പങ്കുവെയ്ക്കുന്ന മനുഷ്യരെ അധികം കണ്ടിട്ടില്ല. അക്കാലത്ത് 2 തവണ കണ്ടപ്പോഴും ഇടതുമുന്നണിയുടെ ഇടതുപക്ഷനയത്തില്‍ നിന്നുള്ള വ്യതിചലനമാണ് അദ്ദേഹം ഏറ്റവുമധികം സംസാരിച്ച വിഷയം. ഇടതുമുന്നണിയില്‍ ദീര്‍ഘകാലം നേതൃത്വത്തില്‍ ഉണ്ടായിരുന്ന അദ്ദേഹത്തെ വി.എസ് അച്യുതാനന്ദനോടുള്ള അടുപ്പത്തിന്റെ പേരില്‍ പിണറായി വിജയന്‍ ഇടതുമുന്നണി യോഗങ്ങളില്‍ ആക്ഷേപിക്കുന്നു എന്ന വിഷമമൊക്കെ അന്ന് ഒരു അടുപ്പവുമില്ലാത്ത എന്നോട് പോലും പലവട്ടം പറഞ്ഞിട്ടുണ്ട്.

ലോകവ്യാപാര സംഘടനയുടെ (WTO) ഹിഡന്‍ അജണ്ടകളും കരാറുകളും, ആഗോളീകൃത ലോകത്ത് അവികസിത രാജ്യങ്ങളില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും കര്‍ഷകര്‍ക്ക് വിളയ്ക്ക് വില ലഭിക്കാത്തതും ഒക്കെ ഇത്രയേറെ ആഴത്തില്‍ മനസിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവ് മലയാളത്തില്‍ ഉണ്ടോയെന്നത് സംശയമാണ്. ആസിയാന്‍ കരാറോടെ റബറിന് വില കുറയുമെന്നും കേരളത്തിലെ റബര്‍ കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുമെന്നും മുന്‍കൂട്ടി കണ്ടു മാതൃഭൂമിയില്‍ അദ്ദേഹം തുടരെ ലേഖനമെഴുതി.

ഏറ്റവും വലിയ റബര്‍ ഉല്‍പ്പന്നത്തിന്റെ കയറ്റുമതിക്കാരായ MRF ന്റെ സഹോദര സ്ഥാപനമായിട്ടും, റബര്‍ കര്‍ഷകരുടെ സ്വന്തം പത്രമായ മനോരമയ്ക്ക് മനസ്സിലാകുന്നതിലും, കേരളകോണ്ഗ്രസിന് മനസിലാകുന്നതിലും വ്യക്തമായി ആസിയാന്‍ കരാറിന്റെ അപകടങ്ങള്‍ അക്കമിട്ട് വീരേന്ദ്രകുമാര്‍ അന്ന് അച്ചു നിരത്തി. കാലം പിന്നീടത് ശരിവെച്ചു. രാഷ്ട്രീയ കാഴ്ചപ്പാടിനപ്പുറം മൂലധനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കാനിടയുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ വീരേന്ദ്രകുമാറിനോളം എഴുതിയ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടോയെന്നതും സംശയമാണ്. ‘രാമന്റെ ദുഃഖ’ത്തിലൂടെ ഫാസിസത്തെയും, മറ്റു പുസ്തകങ്ങളിലൂടെ ആഗോളമൂലധന വ്യവസ്ഥയുടെ ചൂഷണമാര്‍ഗ്ഗങ്ങളും ഭംഗിയായി മലയാളിക്ക് വീരേന്ദ്രകുമാര്‍ കാട്ടിത്തന്നു.

സോഷ്യലിസ്റ്റ് എന്ന, വര്‍ത്തമാനകാല ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ ഐഡന്റിറ്റി എല്ലാക്കാലവും തന്റെ എഴുത്തിലും രാഷ്ട്രീയത്തിലും ചിന്തയിലും അദ്ദേഹം പുലര്‍ത്തി. ‘ഭൂരഹിതരായ ആദിവാസികളുള്ള വയനാട്ടില്‍ സ്വന്തമായി നൂറേക്കര്‍ ഭൂമിയുണ്ടെങ്കില്‍ ആര്‍ക്കും സോഷ്യലിസം പറഞ്ഞുകൂടെ’ എന്ന രാഷ്ട്രീയ വിമര്‍ശനം ഞാന്‍ നേരില്‍ ഉന്നയിച്ചിട്ടുണ്ട്. മറുപടി ഏതാണ്ടിങ്ങനെ ആയിരുന്നു. ‘ഭൂമി ഞാനുണ്ടാക്കിയതല്ല. കൊണ്ടുപോകുന്നുമില്ല. അതാത് കാലത്ത് ആര് എത്ര ഭൂമി കൈവശം വെയ്ക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഭൂപരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടത്തിനുവേണ്ടി വാദിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. അതിനെ എതിര്‍ക്കുന്നവരിലല്ല.’

ഇടതുമുന്നണിയുമായി കലഹിക്കാനുള്ള പ്രധാനകാരണം സി.പി.ഐ.എം നേതാവ് പിണറായി വിജയനുമായുള്ള അക്കാലത്തെ അസ്വാരസ്യങ്ങള്‍ ആയിരുന്നു. ‘പ്ലാച്ചിമട സമരം കേവലമൊരു പ്രാദേശിക പരിസ്ഥിതി വിഷയമാണ്’ എന്ന് പിണറായി വിജയന്‍ അമേരിക്കന്‍ സന്ദര്‍ശകരോട് അഭിപ്രായപ്പെട്ട കാര്യം വിക്കിലീക്സ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ‘പ്രാദേശിക ജലചൂഷണം നടത്തി വന്‍ ലാഭമുണ്ടാക്കുന്ന കൊക്കക്കോളയുടെ രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് രാഷ്ട്രീയ എതിര്‍പ്പുണ്ട്’ എന്ന നയമല്ല പിണറായി സ്വീകരിച്ചത്.

ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സി.പി.ഐ.എം ന്റെ നേതാവായ പിണറായി വിജയന് മനസിലാകുന്നതിലും എത്രയോ ഭംഗിയായി, വ്യക്തമായി, മൂലധനത്തിന്റെയും വിഭവ ചൂഷണത്തിന്റെയും ലോകരാഷ്ട്രീയം സോഷ്യലിസ്റ്റായ വീരേന്ദ്രകുമാറിന് പതിറ്റാണ്ട് മുന്‍പേ മനസിലായി.
അടിയന്തരാവസ്ഥ കാലത്ത് ഒരേ അധികാരശക്തിക്കെതിരായി പോരാടി ജയിലിലടയ്ക്കപ്പെട്ട പിണറായി വിജയനും വീരേന്ദ്രകുമാറും തമ്മില്‍ പിന്നീടുണ്ടായ, മൂലധനത്തെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തില്‍, ആരായിരുന്നു ശരി എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.

മാതൃഭൂമി പത്രത്തിന്റെ നവതി പ്രത്യേക പതിപ്പിന്റെ എഡിറ്റ് പേജില്‍ കൊടുക്കാന്‍ എന്റെ ലേഖനം മാതൃഭൂമി ചോദിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. പ്രാദേശിക പരിസ്ഥിതി സമരങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ചതിനെക്കുറിച്ചുള്ള എന്റെ ലേഖനം വായിച്ച അദ്ദേഹം പറഞ്ഞ നല്ലവാക്ക് ഇന്നും മനസിലുണ്ട്. അതൊരു ഭാഗ്യമായി കാണുന്നു.

എല്ലാ മനുഷ്യരെയും പോലെ ചിന്തയിലും പ്രവര്‍ത്തിയിലുമുള്ള വൈരുദ്ധ്യങ്ങളും പറയാനുണ്ട്, പിന്നീടാകാം.

വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക