കൊച്ചി: കിഫ്ബിക്കും മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിനുമെതിരായ കേസില്‍ ഇ.ഡിയുടെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
കൊട്ടേഷന്‍ ഗ്യാങിന്റെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ.ഡിയുടെ സമന്‍സ് സ്റ്റേ ചെയ്തുകൊണ്ടുള്ള കേരളാ ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരങ്ങളില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലുടനീളം ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇ.ഡി നടത്തുന്ന അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് എതിരായ നിലവിലെ ഏറ്റവും വലിയ തിരിച്ചടി. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഒരു കേസ് അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് നിയമജ്ഞനം ഇല്ലാത്തവര്‍ ചോദിക്കുക. പ്രഥമദൃഷ്ട്യാ കേസില്ലെങ്കില്‍ അന്വേഷണം പോലും പാടില്ലെന്നാണ് ക്രിമിനല്‍ നിയമം. അതുകൊണ്ടാണ് എഫ്.ഐ.ആര്‍ സ്റ്റേജില്‍ തന്നെ പലകേസും കോടതികള്‍ക്ക് ക്വാഷ് ചെയ്യേണ്ടി വരുന്നത്. അന്വേഷണത്തിനുള്ള കേസ് പോലുമില്ല. ഇവിടെ സമന്‍സാണ് സ്റ്റേ ചെയ്തതെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ആര്‍.ബി.ഐയുടെ നിയമം ലംഘിക്കപ്പെട്ടതായി ആര്‍.ബി.ഐക്ക് ഒരു പരാതിയില്ല എന്നിരിക്കെയാണ് ഇ.ഡി കേസെടുത്തത്. വസ്തുത മനസിലാക്കാതെ ഇ.ഡിയുടെ മണ്ടത്തരം മഹത്തരമായി അവതരിപ്പിക്കുകയായിരുന്നു പല മാധ്യമങ്ങളും.
ഇ.ഡി കേസ് എന്നത് ഡോ. തോമസ് ഐസക്കിന്റെ മാത്രമോ സി.പി.ഐ.എമ്മിന്റെ മാത്രമോ പ്രശ്‌നമല്ല. രാഷ്ട്രീയമായ വിയോജിപ്പുള്ളവരും കിഫ്ബിയോട് യോജിപ്പില്ലാത്തവര്‍ പോലും ഇ.ഡിയുടെ തോന്നിവാസത്തോട് ശക്തമായി പ്രതികരിക്കണം. കാരണം, ഇ.ഡി കാണിക്കുന്നത് ജനാധിപത്യത്തെ കൊല്ലലാണ്, അധികാരം ദുരുപയോഗം ചെയ്തു വേട്ടയാടലാണ്. മുളയിലേ നുള്ളേണ്ട ഒന്നാണത്. അതാണ് ഈ രാജ്യത്തെ ഭരണഘടനാ കോടതികളുടെ ധര്‍മം. മൗലികാവകാശം ലംഘിക്കപ്പെടുമ്പോള്‍ മുഖമോ പാര്‍ട്ടിയോ നോക്കിയല്ല ഇടപെടേണ്ടത്. നീതി നല്‍കാനാവണമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
‘മറ്റ് ഹൈക്കോടതികളില്‍ ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ ഇ.ഡിക്കെതിരായ കേസുകള്‍ക്ക് ഊര്‍ജമാകാം ഈ ഇടക്കാലവിധി. ആ അര്‍ത്ഥത്തില്‍, താല്‍ക്കാലികമെങ്കിലും ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനാധിപത്യ വിശ്വാസികളൊക്കെ ആഘോഷിക്കേണ്ട വിജയം,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.
അതേസമയം, രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് വി.ഡി. അരുണ്‍ കിഫ്ബി കേസിലെ നടപടികള്‍ സ്റ്റേ ചെയ്തത്. എന്നാല്‍ കേസില്‍ ഇ.ഡിക്ക് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
കേസില്‍ റിസര്‍വ് ബാങ്കിനെ കോടതി കക്ഷി ചേര്‍ത്തു. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ നോട്ടീസ് ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിനെ സമന്‍സ് അയച്ച് വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാന്‍ ഇ.ഡിക്ക് ബാധ്യതയുണ്ടെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.