ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരുന്നു. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിന്റെ മികച്ച വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടവും തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം പന്തുകളെറിഞ്ഞ ബൗളര്‍ എന്ന നേട്ടമാണ് പാണ്ഡ്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ നാല് ഓവറും എറിഞ്ഞ പാണ്ഡ്യ, മത്സരത്തില്‍ 17ാം പന്ത് പൂര്‍ത്തിയാക്കിയതോടെയാണ് ഈ നേട്ടത്തിലേക്ക് കാലെടുത്ത് വെച്ചത്. സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ മറിടകന്നുകൊണ്ടാണ് പാണ്ഡ്യ ഈ റെക്കോഡിലെത്തിയത്.
2016ലാണ് ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 100 ഇന്നിങ്‌സുകളില്‍ നിന്നുമായി 299.5 ഓവറുകളാണ് താരം എറിഞ്ഞുതീര്‍ത്തത്. 26.07 ശരാശരിയിലും 8.17 എക്കോമിയിലും പന്തെറിയുന്ന താരം 19.13 സ്‌ട്രൈക്ക് റേറ്റില്‍ 94 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
(താരം – ആകെയെറിഞ്ഞ പന്തുകള്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ വിക്കറ്റുകള്‍)
ഹര്‍ദിക് പാണ്ഡ്യ – 1,799 (94)
ഭുവനേശ്വര്‍ കുമാര്‍ – 1,791 (90)
യൂസ്വേന്ദ്ര ചഹല്‍ – 1,764 (69)
ജസ്പ്രീത് ബുംറ – 1,509 (89)
ആര്‍. അശ്വിന്‍ – 1,452 (72)
രവീന്ദ്ര ജഡേജ – 1,356 (54)
അര്‍ഷ്ദീപ് സിങ് – 1,288 (98)
അക്‌സര്‍ പട്ടേല്‍ – 1,273 (70)
ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 100 ടി-20ഐ വിക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് അര്‍ഷ്ദീപ് സിങ്ങിനൊപ്പം ഹര്‍ദിക് പാണ്ഡ്യയും അതിവേഗം ഓടിയടുക്കുന്നത്.
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ് – 62 – 98
യൂസ്വേന്ദ്ര ചഹല്‍ – 79 – 96
ഹര്‍ദിക് പാണ്ഡ്യ – 100 – 94
ഭുവനേശ്വര്‍ കുമാര്‍ – 86 – 90
ജസ്പ്രീത് ബുംറ – 69 – 89
ആര്‍. അശ്വിന്‍ – 65 – 72
Content Highlight: Hardik Pandya tops the list of most balls bowled in T20Is for India