ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷനെ കൈവിട്ടതില്‍ പ്രതികരണവുമായി നായകന്‍ ഹര്‍ദിക് പാണ്ഡ്യ. മെഗാ ലേലത്തില്‍ ഇഷാനെ തിരിച്ചെത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയാമായിരുന്നുവെന്നും താരത്തെ മിസ് ചെയ്യുമെന്നും പാണ്ഡ്യ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് പാണ്ഡ്യ ഇഷാന്‍ കിഷനെ കുറിച്ച് സംസാരിച്ചത്.
‘ഇഷാനായിരുന്നു ഡ്രസ്സിങ് റൂമില്‍ ഫ്രഷ്‌നെസ്സും എനര്‍ജിയും കൊണ്ടുവന്നിരുന്നത്. അവനെ തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. അവനെ തിരിച്ചെത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടയാരിക്കുമെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. കാരണം അവന്‍ എത്രത്തോളം മികച്ച താരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു.
💌 𝓉ℴ 𝐼𝓈𝒽𝒶𝓃 #MumbaiMeriJaan #MumbaiIndians | @ishankishan51 pic.twitter.com/K1Gz5DKYUU
— Mumbai Indians (@mipaltan) December 1, 2024
അവന്‍ എല്ലായ്‌പ്പോഴും ഡ്രസ്സിങ് റൂമിനെ ലൈവായി നിര്‍ത്തിയിരുന്നു. അവന്‍ ഒരുപാട് പേരുടെ ചിരികള്‍ക്ക് കാരണമായിരുന്നു,’ ഹര്‍ദിക് പറഞ്ഞു.
‘ഇഷാന്‍ കിഷനായിരുന്നു ടീമിലേക്ക് ഒരുപാട് സ്‌നേഹം കൊണ്ടുവന്നിരുന്നത്. ഞങ്ങള്‍ അത് ഉറപ്പായും മിസ് ചെയ്യും. ഇഷാന്‍, നീയെപ്പോഴും മുംബൈയുടെ പോക്കറ്റ് ഡൈനാമോ തന്നെയായിരിക്കും. ഞങ്ങള്‍ നിന്നെ മിസ് ചെയ്യും. വി ലവ് യൂ,’ പാണ്ഡ്യ പറഞ്ഞു.
2016ലാണ് ഇഷാന്‍ കിഷന്റെ ഐ.പി.എല്‍ യാത്ര ആരംഭിക്കുന്നത്. ആദ്യ സീസണില്‍ ഗുജറാത്ത് ലയണ്‍സായിരുന്നു താരത്തെ സ്വന്തമാക്കിയത്. അടുത്ത സീസണില്‍ ടീം വിക്കറ്റ് കീപ്പര്‍ ബാറ്ററെ നിലനിര്‍ത്തുകയും ചെയ്തു.
ലയണ്‍സിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഇഷാനെ 2018ലാണ് മുംബൈ സ്വന്തമാക്കുന്നത്.
മുംബൈക്കൊപ്പവും മികച്ച പ്രകടനം തുടരാന്‍ താരത്തിന് സാധിച്ചു. 2020ല്‍ 516 റണ്‍സ് നേടിയ താരം മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരന്‍ കൂടിയായിരുന്നു. ആ സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയതിന്റെ റെക്കേഡും ഇഷാന്റെ പേരിലായിരുന്നു.
താരത്തിന്റെ പൊട്ടെന്‍ഷ്യല്‍ മനസിലാക്കിയ മുംബൈ മാനേജ്‌മെന്റ് 2022, 2023, 2024 സീസണില്‍ താരത്തെ വിടാതെ ചേര്‍ത്തുനിത്തി. 15.25 കോടിയാണ് മുംബൈ ഇന്ത്യന്‍സ് ഇഷാന്‍ കിഷന് നല്‍കിയത്.
എന്നാല്‍ താരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് താരത്തെ ഓക്ഷന്‍ പൂളിലേക്ക് ഇറക്കി വിടുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയടക്കം അഞ്ച് താരങ്ങളെയാണ് മുംബൈ നിലനിര്‍ത്തിയത്.
പാണ്ഡ്യക്ക് പുറമെ മുന്‍ നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നിവരെയാണ് മെഗാ താരലേലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്തിയത്.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ 18 കോടി നല്‍കി നിലനിര്‍ത്തിയ മുംബൈ സൂര്യകുമാറിനും ഹര്‍ദിക്കിനുമായി 16.35 കോടി വീതവും രോഹിത് ശര്‍മയ്ക്കായി 16.30 കോടിയും മാറ്റിവെച്ചു. എട്ട് കോടിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഭാവിയുടെ വാഗ്ദാനമായ തിലക് വര്‍മയ്ക്ക് നല്‍കിയത്.
അതേസമയം, ലേലത്തില്‍ ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 11.25 കോടി രൂപയ്ക്കാണ് ഇഷാനെ ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്.
Fours, sixes, and STYLE for days 😍💫
Welcome home, Ishan bhai 🥳#TATAIPL #TATAIPLAuction #PlayWithFire pic.twitter.com/HhEqul6pax
— SunRisers Hyderabad (@SunRisers) November 24, 2024
രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇഷാനെ മുംബൈ തിരികെയെത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇഷാന് പുറമെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയടക്കം മികച്ച താരങ്ങളെയും ലേലത്തില്‍ സ്വന്തമാക്കാന്‍ സണ്‍റൈെേസെഴ്‌സിന് സാധിച്ചിരുന്നു.
Content highlight: Hardik Pandya about not retaining Ishan Kishan