ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ തോല്‍വിയുറപ്പിച്ചിടത്ത് നിന്നും ഉയിര്‍ത്തെഴുന്നേറ്റായിരുന്നു രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തിനിടെ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പ്രകോപിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
നിരവധിയാളുകളാണ് ഹര്‍ദിക്കിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. സഞ്ജു മറ്റുള്ള താരങ്ങളെപ്പോലെയല്ലെന്നും സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ ജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
‘സഞ്ജു മറ്റുള്ള താരങ്ങളെപ്പോലെയല്ല. ധൈര്യശാലിയായ ബാറ്റ്സ്മാനാണവന്‍. ഗുജറാത്തിനെതിരെ ഷിംറോന്‍ ഹെറ്റ്മെയറെക്കാള്‍ പ്രധാനപ്പെട്ട ഇന്നിങ്സ് സഞ്ജുവിന്റേതായിരുന്നു. ഹെറ്റ്മെയറിന് ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലേക്ക് മത്സരമെത്തിച്ചത് സഞ്ജുവാണ്. സ്വന്തം കഴിവില്‍ വിശ്വാസവും ധൈര്യവുമുണ്ടെങ്കില്‍ മത്സരത്തെ ഏത് തലത്തിലേക്കും മാറ്റാന്‍ കഴിയും.
എം.എസ്. ധോണിക്ക് പല തവണ മത്സരം ജയിപ്പിക്കാന്‍ സാധിച്ചത് തന്റെ കഴിവിലുള്ള പൂര്‍ണ വിശ്വാസം കൊണ്ടാണ്. ധോണി ക്രീസില്‍ നിന്നാല്‍ മത്സരം ജയിപ്പിക്കുമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്.
ഹെറ്റ്മെയര്‍ മത്സരം ജയിപ്പിച്ചപ്പോള്‍ അവിടെവരെ മത്സരത്തെ എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. വലിയ കഴിവുള്ള താരമാണ് സഞ്ജു. അവന്‍ ഇന്ത്യക്കായി കളിക്കണം’- ഹര്‍ഭജന്‍ പറഞ്ഞു.
മത്സരത്തില്‍ ജോസ് ബട്‌ലര്‍ അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ ഏഴ് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി ജെയ്സ്വാള്‍ പുറത്താവുകയായിരുന്നു. മൂന്നാമനായി കളത്തിലിറങ്ങി 25 പന്തില്‍ നിന്നും 26 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും വീണതോടെ രാജസ്ഥാന്‍ പരുങ്ങി.
നാലാം നമ്പറിലിറങ്ങി സെന്‍സിബിള്‍ ഇന്നിങ്സ് കളിച്ച സഞ്ജു ഒരുവേള 18 പന്ത് നേരിട്ട് വെറും 20 റണ്‍സായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് അറ്റാക്കിങ് മോഡിലേക്ക് ചുവടുമാറ്റിയ സഞ്ജുവിനെയായിരുന്നു ഗുജറാത്ത് കണ്ടത്. 13ാം ഓവറില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്‌സറിന് പറത്തി സഞ്ജു രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഒരുവശത്ത് സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ഫിനിഷറുടെ റോളിലെത്തിയ ഹെറ്റ്‌മെയറായിരുന്നു ആരാധകരുടെ മനം കവര്‍ന്നത്. സഞ്ജു പുറത്തായതോടെ മത്സരം വിജയിച്ചെന്നുറപ്പിച്ച ഗുജറാത്ത് ആരാധകരുടെ മനസില്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ടാണ് ഹെറ്റ്‌മെയര്‍ തകര്‍ത്തടിച്ചത്. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ധ്രുവ് ജുറെലും തകര്‍ത്തടിച്ചു. 10 പന്തില്‍ നിന്നും 18 റണ്‍സ് നേടിയാണ് ജുറെല്‍ മടങ്ങിയത്.