ഗാന്ധിജിയെ നിങ്ങള്‍ ഗ്യാലറിയില്‍ വെച്ച് കണ്ടുമുട്ടിയിട്ടുണ്ടോ, ഇന്ത്യയിലെങ്കിലും? ഇല്ല അല്ലെ, എന്നാല്‍ മഹാത്മാവ് എന്നും വന്നിരിക്കുന്ന ഒരു ഗ്യാലറിയുണ്ട്.
ഗുവേരയെയും മാക്‌സിനെയും കൂട്ടി കളികാണാന്‍ പോകുന്ന ഫുട്ബാള്‍ പ്രേമികളെ കണ്ടിട്ടുണ്ടോ ? എവിടെക്കാണാന്‍ അല്ലെ, എന്നാല്‍ അതും ഉണ്ട്.
കമ്മ്യൂണിസ്റ്റ് രാജ്യത്ത് എങ്കിലും ഒരു മുന്‍നിര ക്ലബിന് ‘തൊഴിലാളി’ എന്ന പേര് കേട്ടിട്ടുണ്ടോ ? തൊഴിലാളി എന്ന പേരിന് ഒരു കിക്ക് കിട്ടുമോ, എന്നാല്‍ അത് കിക്കായ ഒരു ക്ലബ് ഉണ്ട്.
ജേഴ്സിയില്‍ എന്ത്, ഏത് നിറത്തില്‍, എങ്ങനെ വരഞ്ഞാലാണ് ഭംഗിയാവുക ? ചുവപ്പ് നിറത്തില്‍ അരിവാളും ചുറ്റികയുമെന്ന് തീരുമാനിച്ച ഒരു സംഘമുണ്ട്.
ലോകത്ത് എത്രയെത്ര ക്ലബുകള്‍, അവര്‍ക്ക് എത്രയെത്ര പാട്ടുകള്‍ മുദ്രാവാക്യങ്ങള്‍ ?
ഒരേയൊരു ക്ലബ്ബിനേ ‘Workers of the world, unite!’ എന്ന് ആദര്‍ശസൂക്തമായുള്ളു. ഇതെല്ലാം ഇസ്രയേലിലെ Hapoel Tel Aviv എന്ന ഫുട്ബാള്‍ ക്ലബാണ്.
ചാമ്പ്യന്‍സ് ലീഗില്‍ നാം ഇടയ്ക്കിടെ കാണാറുള്ള ഇവര്‍ക്ക് പി എസ് ജി, മിലാന്‍, ചെല്‍സി, ബെനിഫിക്ക തുടങ്ങിയവയെല്ലാം തോല്‍പ്പിച്ച ചരിത്രവുമുണ്ട്. ഇസ്രയേലിലെ ഏറ്റവും മുന്തിയ Bloomfield സ്റ്റേഡിയത്തിന്റെ ഉടമകളായ Hapoel Tel Aviv FC രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുമാണ്.
ഇസ്രയേല്‍ സയോണിസത്തിനു എതിരെ എന്നും നിലകൊണ്ടിട്ടുള്ള ക്ലബ് ആരാധകര്‍ നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളാണ് മേഖലയില്‍ നടത്തുന്നത്. അറബ് – മുസ്ലിം സമൂഹത്തിന് നേരെ നടക്കുന്ന എല്ലാവിധ വിവേചനങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും എതിരില്‍ ശബ്ദമുയര്‍ത്തുന്നതിനാല്‍ ക്ലബിനെയും അതിന്റെ ആരാധകരെയും ‘Hizballah’, ‘Israel haters’, ‘Arabs’ എന്നൊക്കെയാണ് എതിരാളികള്‍ വിളിക്കാറ്.