ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 933 ഗോളുകളാണ് താരം സ്വന്തമാക്കിയത്. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് പോര്‍ച്ചുഗല്‍ താരം കളിക്കുന്നത്.
ലീഗില്‍ 73 മത്സരങ്ങളില്‍ നിന്ന് 72 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഏപ്രില്‍ 12ന് നടന്ന മത്സരത്തില്‍ അല്‍ റിയാദിനെതിരെ ഇരട്ട ഗോള്‍ സ്വന്തമാക്കി റൊണാള്‍ഡോ തിളങ്ങിയിരുന്നു. മാത്രമല്ല മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ റൊണാള്‍ഡോയെ പ്രശംസിച്ച് സംസാരിക്കുകയാണ് ജര്‍മന്‍ പരിശീലകനും മുന്‍ താരവുമായ ഹാന്‍സി ഫ്‌ളിക്. റൊണാള്‍ഡോയുടെ ഫിസിക്കല്‍ കണ്ടീഷന്‍ കണ്ടാല്‍ തന്നെ അവന്‍ എത്രത്തോളം പ്രൊഫഷണലായ ഫുട്‌ബോളറാണെന്ന് മനസിലാകുമെന്ന് ഹാന്‍സി ഫ്‌ളിക് പറഞ്ഞു.
മാത്രമല്ല മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വേണ്ട എല്ലാ മേഖലകളിലും റോണോ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആവശ്യമായ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ഹാന്‍സി പറഞ്ഞു. കൂടാതെ നിരവധി താരങ്ങള്‍ക്ക് റൊണാള്‍ഡോ മാതൃകയാണെന്നും ഹാന്‍സി കൂട്ടിച്ചേര്‍ത്തു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും അവന്റെ സ്ഥിരതയുള്ള ഫിസിക്കല്‍ കണ്ടീഷനും കാണുമ്പോള്‍ ഒരു ഫുട്‌ബോളറുടെ ഉയര്‍ന്ന പ്രൊഫഷണലിസം നമുക്ക് മനസിലാകും. അദ്ദേഹം എല്ലാ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആവശ്യമായതെല്ലാം നിയന്ത്രിക്കുന്നു, കൂടാതെ നിരവധി കളിക്കാര്‍ക്ക് ഒരു മികച്ച മാതൃകയാണ്,’ ഹാന്‍സി ഫ്‌ളിക് പറഞ്ഞു.
അതേസമയം 2026ലെ ഫിഫാ ലോകകപ്പില്‍ റോണോ ഇറങ്ങുമോ എന്നാണ് ഫുട്‌ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചകളിലൊന്ന്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും റൊണാള്‍ഡോയും നിലവില്‍ ലോകകപ്പില്‍ പങ്കെടുക്കുമെന്ന ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
Content Highlight: Hansi Flick Praises Cristiano Ronaldo