ന്യൂദല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ എങ്ങനെയും വിജയിക്കാനുള്ള മാര്‍ഗം തേടി ബി.ജെ.പി ഉന്നത നേതൃത്വം. വോട്ടര്‍മാര്‍ക്ക് ബി.ജെ.പിയോടുള്ള സമീപനമറിയാനുള്ള സര്‍വേ പാര്‍ട്ടി നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് സര്‍വേ നടത്തുന്നത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ ഏത് തരത്തിലുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന് തീരുമാനിക്കാനാണ് സര്‍വേ എന്നും സൂചനയുണ്ട്.
ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ അയാളുടെ ജാതിയും മതവും കണക്കിലെടുക്കാറുണ്ടോ അതോ വികസന പ്രവര്‍ത്തനങ്ങളാണോ പരിഗണിക്കുക എന്ന ചോദ്യം സര്‍വേയിലുണ്ടെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സുഹൃത്തുക്കളോടും കുടുംബത്തോടും ചോദിക്കാറുണ്ടോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം.
കൊവിഡ് 19 കൈകാര്യം ചെയ്തത്, ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്, രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലിനെക്കുറിച്ചും അഭിപ്രായം ചോദിക്കുന്നുണ്ട്.