ടെല്‍ അവീവ്: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഒക്ടോബറിന് മുമ്പുള്ള അതേ നിലയില്‍ ഗസയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഹമാസിനെ തകര്‍ക്കുമെന്ന നെതന്യാഹു സര്‍ക്കാരിന്റെ വാദം യാഥാര്‍ഥ്യമായില്ലെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനെയും അതുമായി ബന്ധപ്പെട്ട എല്ലാ ശേഷിപ്പുകളെയും ഗസയില്‍ നിന്ന് തുടച്ചുനീക്കിയതിന് ശേഷം യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സുരക്ഷാ മന്ത്രി യോവ് ഗാലന്റും പറഞ്ഞിരുന്നത്.
എന്നാല്‍ നിലവില്‍ ഗസ ഒക്ടോബര്‍ ഏഴിന് മുമ്പുള്ള സാഹചര്യത്തിലേക്ക് എത്തിയെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലും ഇസ്രഈലിന് നേരെ ഗസയില്‍ നിന്ന് റോക്കറ്റാക്രമണം അടക്കമുള്ള പ്രതിരോധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഹമാസിനെ തളര്‍ത്താന്‍ ഇസ്രഈലിന് കഴിഞ്ഞില്ല എന്നതിന് തെളിവാണെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രഈലി സൈന്യം അവകാശവാദം ഉന്നയിക്കുന്ന വടക്കന്‍ ഗസയാണ് ടെല്‍ അവീവിന് നേരെയുണ്ടായ പ്രത്യാക്രമണത്തിന്റെ കേന്ദ്രം. വടക്കന്‍ ഗസയിലെ മുഴുവന്‍ ഫലസ്തീനികളെയും സൈന്യം കുടിയൊഴിപ്പിച്ചിരുന്നു. എന്നാല്‍ ഈ ആക്രമണം നല്‍കുന്ന സൂചന ഫലസ്തീനികള്‍ വടക്കന്‍ ഗസയിലേക്ക് തിരികെ എത്തിയെന്നും ഹമാസ് ഇവിടങ്ങളില്‍ ആധിപത്യം സ്ഥാപിച്ചുവെന്നുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആക്രമണത്തിന് പുറമെ ഹമാസ് ഇസ്രഈലി സൈനികനെ കൊലപ്പെടുത്തിയെന്നും ഇസ്രഈല്‍ മാധ്യമമായ ചാനല്‍ 18 റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഹമാസ് തടവിലാക്കിയ ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാന്‍ നെതന്യാഹു സര്‍ക്കാരിന് സാധിച്ചില്ലെന്നും മാധ്യമങ്ങള്‍ വിമര്‍ശിച്ചു.