national news
മധ്യപ്രദേശില്‍ ശ്രീരാമനെതിരായ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഷെയര്‍ ചെയ്തുവെന്നാരോപണം; പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Wednesday, 2nd April 2025, 11:19 am

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ രാമനെതിരായ പരാമര്‍ശം അടങ്ങിയ പോസ്റ്റ് ഷെയര്‍ ചെയ്‌തെന്നാരോപിച്ച് പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍. സ്‌കൂളിലെത്തിയ സംഘം പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യുകയും ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു.

ഹിന്ദു ദൈവമായ ശ്രീരാമനെതിരെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഷെയര്‍ ചെയ്തുവെന്നാരോപിച്ചാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രതിഷേധവുമായി എത്തിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രിന്‍സിപ്പലിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും പൊലീസ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലുമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇതുവരെ പൊലീസ് സംഭവത്തില്‍ കേസൊന്നുമെടുത്തിട്ടില്ലെന്നാണ് വിവരം.

പ്രതിഷേധക്കാര്‍ സ്‌കൂളിന്റെ ജനാലകള്‍ തകര്‍ക്കുകയും പോസ്റ്ററുകള്‍ കീറുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതായാണ് റിപ്പോര്‍ട്ട്.

ചളി നിറച്ച ബാഗുമായാണ് പ്രതിഷേധക്കാര്‍ സകൂളിലെത്തിയതെന്നും പൊലീസും സ്‌കൂള്‍ അധികൃതരും അടുത്തുണ്ടായിട്ടും അവര്‍ സ്‌കൂള്‍ പരിസരത്ത് ചെളി വിതറുകയും എറിയുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ചുമരില്‍ പ്രതിഷേധക്കാര്‍ കറുത്ത പെയിന്റ് തേക്കുകയും മൂന്ന് മണിക്കൂറോളം സ്‌കൂള്‍ പരിസരത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിന് ശേഷവുമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

അതേസമയം പ്രിന്‍സിപ്പല്‍ തന്നെയാണോ വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്ത ചിത്രം ഉണ്ടാക്കിയതെന്നും അതോ എ.ഐ നിര്‍മിതമാണോ എന്നതില്‍ ഉറപ്പ് വരുത്തിയിട്ടില്ലെന്നും ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlight: Vishwa Hindu Parishad assaults principal in Madhya Pradesh for allegedly sharing WhatsApp status against Lord Ram