ബസൂക്കയുടെ സെറ്റിൽ രാത്രി രണ്ട് മണിക്ക് മമ്മൂക്കയുടെ ഫൈറ്റ് സീൻ, എനിക്കാണെങ്കിൽ ദേഷ്യം വരും: ഹക്കിം ഷാ
Entertainment
ബസൂക്കയുടെ സെറ്റിൽ രാത്രി രണ്ട് മണിക്ക് മമ്മൂക്കയുടെ ഫൈറ്റ് സീൻ, എനിക്കാണെങ്കിൽ ദേഷ്യം വരും: ഹക്കിം ഷാ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 8:54 am

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഒരു ഗെയിം ത്രില്ലർ ചിത്രമായ ബസൂക്കയിൽ യുവതാരം ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ ഹക്കിം ഈ വർഷം ഇറങ്ങിയ കടകൻ എന്ന ചിത്രത്തിലെ നായകനായിരുന്നു. ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന കഥ ഇന്നുവരെയിലും ഹക്കിമുണ്ട്.

മലയാള സിനിമയിൽ എല്ലാവരും നന്നായി അധ്വാനിക്കുന്നവരാണെന്നും ബസൂക്കയുടെ സെറ്റിൽ രാത്രി രണ്ട് മണിക്കൊക്കെ ഒരു പ്രശ്നവുമില്ലാതെ മമ്മൂട്ടി ഫൈറ്റ് സീക്വൻസ് ചെയ്യുകയായിരുന്നുവെന്നും ഹക്കിം ഷാ പറഞ്ഞു. എന്നാൽ തുടർച്ചയായി നൈറ്റ് ഷൂട്ട്‌ വന്നാൽ തനിക്ക് ദേഷ്യം വരാറുണ്ടെന്നും ഹക്കിം കൂട്ടിച്ചേർത്തു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു ഹക്കിം.

‘മലയാള സിനിമയിൽ പൊതുവെ എല്ലാവരും ഹാർഡ് വർക്കിങ്ങാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ പുറത്തുനിന്ന് നോക്കി കാണുന്ന പോലെയല്ല. ബസൂക്ക ചെയ്യുന്ന സമയത്ത് മമ്മൂക്ക രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെ ഫൈറ്റ് സീക്വൻസുകൾ ചെയ്യുകയാണ്.

അതൊരു വലിയ കാര്യമാണ്. കാരണം, എനിക്കൊക്കെ ഒരു മൂന്ന് ദിവസം നൈറ്റ്‌ ഷൂട്ട്‌ മുന്നോട്ട് പോയാൽ വല്ലാത്ത പ്രയാസമാണ്. എനിക്ക് പിന്നെ ദേഷ്യം വരും. ദേഷ്യം വരുമെന്ന് പറഞ്ഞാൽ സിനിമയോടല്ല, പൊതുവെ ഒരു ഇറിട്ടേഷൻ വരും,’ഹക്കിം ഷാ പറയുന്നു.

മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ തെറ്റി പോയാൽ വലിയ ടെൻഷൻ തോന്നുമെന്നും എന്നാൽ അവരെല്ലാം നമ്മളെ ഓക്കെയാക്കുമെന്നും നടി അനുശ്രീയും കൂട്ടിച്ചേർത്തു.

‘ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കുമ്പോഴും നമുക്ക് തെറ്റി പോയാൽ ടെൻഷനാണ്. കാരണം നമ്മൾ കാരണം ഷോട്ട് വൈകുന്നു. അവരൊക്കെ കാത്തിരിക്കുന്നു, അവരുടെ ക്ഷമ പോവും എന്നൊക്കെയുള്ള ചിന്തയായിരിക്കും അപ്പോൾ. പക്ഷെ അവരൊക്കെ അതിനെ ഡീൽ ചെയ്യുന്ന ഒരു രീതിയുണ്ട്. അത് കുഴപ്പമില്ല, പേടിക്കേണ്ട എന്നാണ് അവർ പറയുക,’അനുശ്രീ പറയുന്നു.

അതേസമയം മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണുമോഹൻ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. ബിജു മേനോൻ, മേതിൽ ദേവിക, ഹക്കിം ഷാ, അനുശ്രീ, നിഖില വിമൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

 

Content Highlight: Hakkim Sha About Mammooty And Bazooka Movie