Advertisement
national news
ഇന്ത്യക്കാര്‍ക്ക് ഇത്തവണ ഹജ്ജിന് പോകാന്‍ കഴിയില്ല; പണം തിരികെ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 24, 02:49 am
Wednesday, 24th June 2020, 8:19 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സൗദി അറേബ്യയിലേക്ക് അയക്കുന്നില്ലെന്ന് തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഈ വര്‍ഷം വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുവാദമില്ലാത്തതിനാലാണ് ഇന്ത്യയില്‍ നിന്നുള്ളവരെ അയയ്ക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചത്.

ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നും തീര്‍ത്ഥാടകരുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കുകയെന്നും മന്ത്രി അറിയിച്ചു. ഹജ്ജിന് അപേക്ഷിച്ച 2.3 ലക്ഷത്തിലധികം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് ഇത്തരത്തില്‍ മുഴുവന്‍ പണവും തിരികെ നല്‍കുന്നത്.

”ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ ഹജ്ജ് 2020 നായി സൗദി അറേബ്യയിലേക്ക് അയ്ക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. 2.3 ലക്ഷത്തിലധികം തീര്‍ഥാടകരുടെ അപേക്ഷാ പണം റദ്ദാക്കല്‍ കിഴിവുകളില്ലാതെ നേരിട്ട് കൈമാറ്റം വഴി മടക്കിനല്‍കും,” കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

ആഭ്യന്തര തീര്‍ഥാടകരായ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ഇത്തവണത്തെ ഹജ്ജ് കര്‍മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഹജ്ജിന് പോകുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും.

ഹജ്ജിനു ശേഷം തീര്‍ത്ഥാടകര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഈ വര്‍ഷത്തെ ഹജ്ജിന് 65 വയസിന് താഴെ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗമില്ലാത്തവര്‍ക്കും മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.