ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന വിവാദ പരാമർശവുമായി എൽ.ആന്റ്.ടി ചെയർമാൻ
national news
ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന വിവാദ പരാമർശവുമായി എൽ.ആന്റ്.ടി ചെയർമാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2025, 3:46 pm

ന്യൂദൽഹി: ജീവനക്കാർ ഞാറാഴ്ചയുൾപ്പടെ ആഴ്ചയിൽ 90 മണിക്കൂർ ജോലിയെടുക്കണമെന്ന് ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ. ജീവനക്കാരോടൊപ്പമുള്ള യോഗത്തിനിടയിലാണ് എസ്.എൻ. സുബ്രഹ്മണ്യന്റെ വിവാദ പരാമർശം.

തൊഴിലാളികളെ ഞായറാഴ്ചയും പണിയെടുപ്പിക്കാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും എന്തിനാണ് ഞാറാഴ്ചകളിൽ അവധിയെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

‘നിങ്ങളെ ഞായറാഴ്ചയും പണിയെടുപ്പിക്കാത്തതിൽ എനിക്ക് ദുഃഖമുണ്ട്. എന്തിനാണ് നിങ്ങൾ ഞാറാഴ്ച അവധിയെടുത്ത് വീട്ടിലിരിക്കുന്നത്? നിങ്ങൾ വീട്ടിൽ ഇരുന്നു എന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് എത്രനേരം ഭാര്യയുടെ മുഖം നോക്കിയിരിക്കാൻ കഴിയും? ഭാര്യമാർക്ക് അവരുടെ ഭർത്താക്കന്മാരെ എത്രനേരം നോക്കിയിരിക്കാൻ കഴിയും? ഓഫീസിൽ പോയി ജോലി ചെയ്യൂ. നിങ്ങൾക്ക് ലോകത്ത് ഒന്നാമത് എത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണം,’ എസ്.എൻ. സുബ്രഹ്മണ്യൻ പറഞ്ഞു.

ഇന്ത്യൻ യുവാക്കൾ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ ഏറെ വിമർശനം ഏറ്റുവാങ്ങിയ പരാമർശത്തിന് പിന്നാലെയാണ് എസ്.എൻ. സുബ്രഹ്മണ്യന്റെ വിവാദ പരാമർശം.

തൻ്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി സുബ്രഹ്മണ്യൻ ഒരു ചൈനീസ് വ്യക്തിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള കഥയും പങ്കുവെച്ചു.

അമേരിക്കക്കാർ 50 മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനീസ് തൊഴിലാളികൾ ആഴ്ചയിൽ 90 മണിക്കൂർ ചെലവഴിക്കുന്നു. അതിനാൽ ചൈനയ്ക്ക് ഉടൻ തന്നെ അമേരിക്കയെ മറികടക്കാൻ കഴിയുമെന്ന് ആ ചൈനീസ് വ്യക്തി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ വലിയ തോതിൽ വിവാദം ഉയർന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പ്രചരിച്ച എൻ.എസ്. സുബ്രഹ്മണ്യന്റെ ഒരു വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. കമ്പനിയിലെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിനിടെ സുബ്രഹ്മണ്യൻ ജീവനക്കാരോട് ഞായറാഴ്ചകളിൽ കൂടി ജോലി ചെയ്യാൻ നിർദേശിക്കുകയായിരുന്നു.

ശനിയാഴ്ചകളിലുള്ള നിർബന്ധിത ജോലിയെക്കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഞാറാഴ്ച്ചയും ജോലി ചെയ്യുകയാണ് വേണ്ടതെന്ന് തൊഴിലാളികളോട് പറഞ്ഞത്.

Content Highlight: Amid backlash, L&T defends its Chairman over his 90-hour work week stand