പുഷ്പ എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍. മലയാളികള്‍ക്ക് മല്ലു അര്‍ജുന്‍ എന്ന പേരില്‍ അദ്ദേഹം സുപരിചിതന്‍ ആണെങ്കിലും നോര്‍ത്ത് ഇന്ത്യയില്‍ അല്ലു അര്‍ജുന്‍ ശ്രദ്ധിക്കപ്പെടുന്നത് പുഷ്പ എന്ന ചിത്രത്തിലൂടെയാണ്. ഒരൊറ്റ ചിത്രത്തിലൂടെത്തന്നെ വലിയ ഫാന്‍ ബേസാണ് താരം അവിടെ സ്വന്തമാക്കിയത്.
പുഷ്പയോടൊപ്പം ഇറങ്ങിയ പല ഹിന്ദി സിനിമകളെയും മറികടന്ന് റെക്കോഡ് കളക്ഷനാണ് പുഷ്പയുടെ ഒന്നാം ഭാഗം ഹിന്ദി ഡബ്ബില്‍ സ്വന്തമാക്കിയത്. പുഷ്പയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ട്രെയ്ലര്‍ ലോഞ്ചിന് അണിയറപ്രവര്‍ത്തകര്‍ വേദിയാക്കിയത് പാറ്റ്‌ന ആയിരുന്നു. 1700 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷനുമായി പുഷപ 2വിന്റെ വിജയഗാഥ തുടരുകയാണ്.
ഇപ്പോള്‍ അല്ലു അര്‍ജുന്‍ ബോളിവുഡിലേക്ക് അരങ്ങേറുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡിലെ ഹിറ്റ് ഫിലിം മേക്കര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ജുഹുവിലെ ഓഫീസ് അല്ലു സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂടിയത്.
ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ലവ് ആന്‍ഡ് വാര്‍ എന്ന ചിത്രം പണിപ്പുരയിലാണ്. ഇതിലായിരിക്കും അല്ലു അര്‍ജുനും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയും വന്നിട്ടില്ല.
അതേസമയം പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഡിസംബര്‍ നാലിന് ഹൈദരബാദിലെ സന്ധ്യ തിയേറ്ററില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രം കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്നറിഞ്ഞ് വലിയ ജനക്കൂട്ടം തിയേറ്റര്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. പിന്നീടുണ്ടായ തിരക്കില്‍ പെട്ടാണ് യുവതി മരിച്ചത്.