മൈസൂര്‍: കഴിഞ്ഞ ദിവസം കുടകിലുണ്ടായ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും നിരവധിപേരാണ് മരണപ്പെട്ടത്. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ മരണപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.
അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപയും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപയും അടിയന്തര സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുടകില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശമായ മടിക്കേരിയില്‍ താന്‍ സന്ദര്‍ശനം നടത്തുമെന്നും ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് കുടകിലെ രണ്ടിടത്ത ഉരുള്‍പ്പൊട്ടലും പ്രളയവുമുണ്ടായത്. കര്‍ണാടകയിലെ കുടക്, മടിക്കേരി പ്രദേശങ്ങളിലാണ് ശക്തമായ മഴയും ഉരുള്‍പ്പൊട്ടലുമുണ്ടായത്. കുടകില്‍ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നു വീണ് രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. കടകേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേരും ജോദുപാല, മുവതൊക്ലു എന്നിവിടങ്ങളില്‍ രണ്ടു പേരും മരിച്ചു.
കര്‍ണാടക മന്ത്രി ആര്‍.വി ദേശ്പാണ്ഡെയാണു മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. കുടക് ജില്ലയിലെ ജോദുപാലയില്‍ ഉരുള്‍പൊട്ടലില്‍ 20 പേരെ കാണാതായി. മടിക്കേരി, കുശാല്‍ നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ജോഡുപാലയില്‍ മലയിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു.
ഇവിടെനിന്ന് 300 ഓളം പേരെ സുള്ള്യയിലെ സംപാജെ, അറന്‍തോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ആയിരങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണ് വിവരം. മൊബൈല്‍ നെറ്റവര്‍ക്കുകള്‍ തകരാറിലായതിനാല്‍ നിരവധി പേര്‍ക്ക് രക്ഷാപ്രവര്‍ത്തകരെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെയുള്‍പ്പെടെ സഹായം തേടിയിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാണ്. എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്സിന്റെയും ബോട്ടുകളുമായി സൈന്യത്തിന്റെയും രക്ഷാപ്രവര്‍ത്തനം മേഖലയില്‍ പുരോഗമിക്കുകയാണ്.