ബെംഗളൂരു: നിരവധി പീഡനക്കേസുകളിലെ പ്രതിയും കര്‍ണാടകയിലെ ഹാസ്സനില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ പ്രജ്വല്‍ രേവണ്ണയോട് മടങ്ങിവരാനാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്തി അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനാണ് ദേവഗൗഡയുടെ മുന്നറിയിപ്പ്. ദേവഗൗഡയുടെ കൊച്ചുമകന്‍ കൂടിയാണ് പ്രജ്ജ്വല്‍ രേവണ്ണ.
പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ കുറ്റങ്ങള്‍ നിയമ വഴിയില്‍ നേരിടട്ടെയെന്നും എന്നാല്‍ കുടുംബം പറയുന്നത് അനുസരിക്കാതിരുന്നാല്‍ ഒറ്റപ്പെടുത്തുമെന്നും ദേവഗൗഡ പറയുന്നു. പ്രജ്ജ്വലിനെ ടാഗ് ചെയ്ത് കൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് ദേവഗൗഡയുടെ മുന്നറിയിപ്പ്.
I have issued a warning to @iPrajwalRevanna to return immediately from wherever he is and subject himself to the legal process. He should not test my patience any further. pic.twitter.com/kCMuNJOvAo
തനിക്ക് ജനങ്ങളുടെ വിശ്വാസം തിരിച്ച് പിടിക്കേണ്ടതുണ്ടെന്നും 60 വര്‍ഷം നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലമായി തന്നോടൊപ്പം നില്‍ക്കുന്ന ജനങ്ങളെ നിരാശപ്പെടുത്താന്‍ തനിക്കാകില്ലെന്നും ദേവഗൗഡ പറയുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസാണ് പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍. നിരവധി പേരെ പ്രജ്ജ്വല്‍ പീഡനത്തിനരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ ഉടനീളം വിതരണം ചെയ്യപ്പെടുകയും ചെയ്തു.
ഈ കേസ് കാരണം കര്‍ണാടകയില്‍ ജെ.ഡി.എസിനും സംഖ്യകക്ഷിയായ ബി.ജെ.പിക്കും വലിയ തിരിച്ചടി സംഭവിക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്.
ഇപ്പോള്‍ പ്രജ്ജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുകയും കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി അനുകൂല മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. പിന്നാലെയാണ് ദേവഗൗഡയുടെ മുന്നറിയിപ്പ്.
കേസില്‍ പ്രജ്ജ്വലിന്റെ പിതാവും ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
content highlights; H.D. Deva Gowda warns grandson Prajwal to return from abroad, surrender over sexual abuse charges