അഹമ്മദാബാദ്: രാജ്കോട്ടിലും അഹമ്മദാബാദിലും കഴിഞ്ഞ ഒരു മാസത്തിനിടെ 100ലധികം നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് മൗനം. മാധ്യമപ്രവര്‍ത്തകരുടെ മറ്റെല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയ വിജയ് രൂപാണി സര്‍ക്കാര്‍ ആശുപത്രികളിലെ ഉയരുന്ന ശിശു മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
രാജസ്ഥാനിലെ കോട്ട ജെ.കെ ലോണ്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ 100ലധികം നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവം വാര്‍ത്തയായതിനു പിന്നാലെയാണ് ഗുജറാത്തിലെയും സമാനമായ സാഹചര്യം ചര്‍ച്ചയാകുന്നത്.
പോഷകാഹരക്കുറവ്, മാസം തികയുന്നതിന് മുന്‍പേ ജനിക്കല്‍, ആശുപത്രിയിലെ ചികിത്സാ സംവിധാനത്തിലെ പിഴവുകള്‍ തുടങ്ങിയവയാണ് ഗുജറാത്തില്‍ ഇത്രയധികം കുട്ടികള്‍ മരണപ്പെടാനുണ്ടായ കാരണം. രാജസ്ഥാനിലെ കോട്ട ആശുപത്രിയിലേതിനു സമാനമായ സാഹചര്യമാണ് ഗുജറാത്തിലെ അഹമ്മദാബാദ് സിവിക് ഹോസ്പിറ്റലിലും ഉള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച കേന്ദ്ര സംഘം രാജസ്ഥാനിലെ കോട്ട ജെ.കെ ലോണ്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംഭവത്തില്‍ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനു നേരെ ബി.ജെ.പി പ്രതിഷേധവുമായി മുന്നോട്ട് പോകുമ്പോഴാണ് ഗുജറാത്തിലെ നവജാതശിശുക്കളുടെ മരണവും ചര്‍ച്ചയാകുന്നത്.
രാജസ്ഥാനിലെ ആശുപത്രിയില്‍ നൂറിലധികം കുട്ടികളാണ് ഒരുമാസത്തിനിടെ മരിച്ചത്. സംഭവത്തില്‍ ആശുപത്രിയുടെ ഭരണസംവിധാനത്തിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് 2012ല്‍ കുട്ടികളുടെ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സാമ്പത്തികാനുമതി നല്‍കിയെങ്കിലും തുടര്‍ന്നു വന്ന ബി.ജെ.പി സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു.