ന്യൂദല്‍ഹി: ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കും. ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ മൂന്ന് മുതല്‍ നാല് വരെ അംഗങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘ്‌വി പറഞ്ഞു.
ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അവസാനത്തേതെന്നാണ് കണക്കാക്കുന്നത്.
നേരത്തെ, ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ അവരുടെ സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചലിലെ പോളിങ് തിയതി മാത്രമാണ് നിലവില്‍ പ്രഖ്യാപിച്ചത്. ഗുജറാത്തിന്റേത് പിന്നീട് പ്രഖ്യാപിക്കാം എന്നായിരുന്നു നിലപാട്. നവംബര്‍ 12ന് ഹിമാചലില്‍ ഒറ്റഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
ഒക്ടോബര്‍ 25 നായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി കഴിയുക. 2023 ജനുവരി എട്ടിന് ഹിമാചല്‍ പ്രദേശിന്റെ കാലാവധിയും അവസാനിക്കും.