പാറ്റ്‌ന: ഗോവ അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഗോവ സുരക്ഷ മഞ്ച് പാര്‍ട്ടി(ജിഎസ്എം).
തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ കുറവ് വോട്ട് മാത്രമാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്രയും കുറവ് വോട്ടല്ല ലഭിക്കുക. തിരിമറി നടന്നു എന്നതില്‍ സംശയമില്ലെന്നും ഗോവ സുരക്ഷ മഞ്ച് പ്രസിഡന്റ് ആനന്ദ് ശിരോദ്കര്‍ പറഞ്ഞു.
ഫെബ്രുവരി നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ 1.2 ശതമാനം വോട്ടുകള്‍ മാത്രമാണ് ജി.എസ്.എം പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്. ആറ് മണ്ഡലങ്ങളിലായിരുന്നു ഇവരുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നത്. എം.ജി.പിയും ശിവസേനയുമായി സഖ്യമുണ്ടാക്കിയായിരുന്നു തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്.
തങ്ങള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ വോട്ടിങ്ങില്‍ തിരിമറി നടന്നിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറി നടക്കാനുള്ള സാധ്യതയെ കുറിച്ച് ടെക്‌നീഷ്യന്‍മാരോട് തങ്ങളുടെ പാര്‍ട്ടി വക്താക്കള്‍ ചോദിച്ചിരുന്നു. അവരൊന്നും ആ സാധ്യതയെ തള്ളിക്കളഞ്ഞിട്ടില്ല. ശിരോദ്കര്‍ പറയുന്നു.
പനാജി മണ്ഡലത്തില്‍ പാര്‍ട്ടിക്ക് 1500 വളണ്ടിയര്‍മാര്‍ ഉണ്ട്. ഇവരെല്ലാം വോട്ട് ചെയ്തത് തങ്ങളുടെ പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായ ചേതന്‍ ഭട്ടികറിനാണ്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചത് വെറും 323 വോട്ടാണ്. ഇത് ഒരിക്കലും സംഭവിക്കില്ല- ശിരോദ്കര്‍ പറയുന്നു. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്കനുകൂലമായി വോട്ടിങ് മെഷീനില്‍ തിരിമറി നടത്തുകയായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.
ആര്‍.എസ്.എസ് വിമതനായ സുഭാഷ് വെല്ലിങ്കര്‍ ആണ് ഗോവ സുരക്ഷ മഞ്ച് പാര്‍ട്ടിയുടെ സ്ഥാപകന്‍.