തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭവുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഗോട്ടിന്റെ അനൗണ്‍സ്മെന്റ് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററും ഗ്ലിംപ്സും പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതായിരുന്നു.
എന്നാല്‍ യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ പുറത്തുവന്ന പാട്ടുകള്‍ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. വിജയ്‌യുടെ ശബ്ദത്തില്‍ പുറത്തുവന്ന ആദ്യ ഗാനമായ ‘വിസില്‍ പോട്’ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. പാട്ടിന്റെ അവസാനത്തോടടുക്കുമ്പോഴുള്ള ബീറ്റ് മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അന്തരിച്ച ഗായിക ഭവതരിണിയുടെ ശബ്ദം എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച രണ്ടാമത്തെ പാട്ടും യാതൊരു ചലനവും ഉണ്ടാക്കാതെ കടന്നുപോയി.
ഡീ ഏജ് ചെയ്ത വിജയ്‌യെ കാണിച്ച മൂന്നാമത്തെ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. വിജയ്‌യുടെ ഗെറ്റപ്പിനെ കളിയാക്കിക്കൊണ്ട് പല ട്രോള്‍ പേജുകളും രംഗത്തുവന്നിരുന്നു. യാതൊരു ഇംപാക്ടും ഉണ്ടാക്കാത്ത യുവന്റെ സംഗീതവും ഇതോടൊപ്പം വിമര്‍ശിക്കപ്പെട്ടു.
ഒരുപാട് കാലത്തിന് ശേഷം ഇതാദ്യമായാണ് ഒരു വിജയ് ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. സിനിമയെപ്പറ്റിയുള്ള ഹൈപ്പ് കുറക്കാന്‍ പാട്ടുകള്‍ ഒരു കാരണമായി. എന്നാല്‍ ഒരുവശത്ത് പാട്ടുകള്‍ ഹൈപ്പ് കുറക്കുമ്പോള്‍ അതിനയെല്ലാം മറികടക്കുന്ന പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.
ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ മുതല്‍ എല്ലാറ്റിലും ആ ക്വാളിറ്റി നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഐമാക്‌സ് പോസ്റ്ററും ഇന്ന് പുറത്തുവിട്ട ‘എപിക്യു’ വെര്‍ഷന്റെ പോസ്റ്ററും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നതാണ്. എന്നാല്‍ ഇതുവരെ വന്ന പോസ്റ്ററുകളിലൊന്നും ചിത്രത്തിന്റെ കഥയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
വിജയ്‌യുടെ മുന്‍ ചിത്രമായ ലിയോയുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത ഗോപി പ്രസന്ന തന്നെയാണ് ഗോട്ടിന്റെയും പോസ്റ്റര്‍ ഡിസൈനര്‍. ഒരുപാട് പഴികേട്ട ലിയോയുടെ പോസ്റ്ററുകള്‍ ചെയ്ത ഗോപിയെത്തന്നെ ഗോട്ടിന്റ പോസ്റ്ററും ഏല്പിച്ചപ്പോള്‍ വിജയ് ആരാധകരില്‍ പലരും നെറ്റി ചുളിച്ചിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഇതുവരെ പുറത്തുവന്ന ഗോട്ടിന്റെ പോസ്റ്ററുകള്‍.
Content Highlight: Greatest of All Time posters are creating hype for the film