ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.
” അലഹബാദ് ഹൈക്കോടതിക്ക് 150 വര്‍ഷത്തിലേറെ ചരിത്രമുണ്ട്. 1975 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹയാണ്, രാജ്യത്തെ അത് ഇളക്കിമറിച്ചു,” അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് നേരിട്ട് കാരണമായ ആ വിധി ധീരമായ വിധിയായിരുന്നുവെന്നും അതിന്റെ അനന്തരഫലങ്ങള്‍ താന്‍ ഇപ്പോള്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രമണ പറഞ്ഞു.
ഇന്ദിരാഗാന്ധിയെ ആയോഗ്യയാക്കിയതിന് പിന്നാലെയാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ഇന്ദിരാഗാന്ധിയോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജ നാരായണന്‍ തെരഞ്ഞെടുപ്പ് കൃത്രിമം, സര്‍ക്കാര്‍ വസ്തുവകകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ദിരയ്‌ക്കെതിരായി അലഹബാദ് ഹൈക്കോടതിയില്‍ കേസുകൊടുത്തു.
1975 ജൂണ്‍ 12-നു ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകള്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തെരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കോടതി ഇന്ദിരാഗാന്ധി വിലക്കുകയും ചെയ്തു.
ഇതിന് പിന്നലെ ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതി നല്‍കി. ഇത് 1977ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടര്‍ന്നു.