സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കണം: ചന്ദ്രകുമാര്‍ ബോസ്
national news
സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കണം: ചന്ദ്രകുമാര്‍ ബോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 1:03 pm

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കണമെന്ന് അദ്ദേഹത്തിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ചരമവാര്‍ഷിക ദിനമായ ഓഗസ്റ്റ് 18നകം ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ നിന്ന് ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി 1945 ഓഗസ്റ്റ് 18ന് നേതാജി സുഭാഷ് ചന്ദ്രബോസ് തന്റെ ജീവന്‍ ബലിയര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നേതാജിക്ക് സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് രാജ്യത്തിന്റെ പേരില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു,’ എന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

സുഭാഷ് ചന്ദബോസിനായി മകള്‍ അനിതാ ബോസ് പിഫാഫ് ഹിന്ദുമത പ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനിതാ ബോസ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട 11 അന്വേഷണ റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

ഈ 11 റിപ്പോര്‍ട്ടുകളില്‍ 10ലും സുഭാഷ് ചന്ദ്രബോസ് 1945 ഓഗസ്റ്റ് 18ന് മരിച്ചുവെന്നും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ തങ്ങളുടെ കുടുംബം പ്രശംസിച്ചിരുന്നുവെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

റെങ്കോജി ക്ഷേത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് അപമാനകരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗതികാവശിഷ്ടങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ റെങ്കോജി ക്ഷേത്ര അതോറിറ്റി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: Grandson Chandrakumar Bose wants mortal remains of Netaji Subhash Chandra Bose’s brought from Japan to India