വിശാലസഖ്യം വരനില്ലാത്ത വിവാഹഘോഷയാത്ര: പ്രധാനമന്ത്രി പദം കാത്തിരിക്കുന്നത് രണ്ടു ഡസനോളം പേരെന്നും നഖ്‌വിയുടെ പരിഹാസം
national news
വിശാലസഖ്യം വരനില്ലാത്ത വിവാഹഘോഷയാത്ര: പ്രധാനമന്ത്രി പദം കാത്തിരിക്കുന്നത് രണ്ടു ഡസനോളം പേരെന്നും നഖ്‌വിയുടെ പരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th July 2018, 10:48 am

മുംബൈ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ കൊണ്ടുവരുന്ന വിശാലസഖ്യം വരനില്ലാത്ത വിവാഹഘോഷയാത്രയാണെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഉത്തരേന്ത്യന്‍ വിവാഹഘോഷയാത്രയായ ബാരാതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ബി.ജെ.പിക്കെതിരെ ഒരുങ്ങുന്ന മഹാഗത് ബന്ധനെന്നും, വരനില്ലെന്നതു മാത്രമാണ് കുറവെന്നുമാണ് നഖ്‌വിയുടെ പരിഹാസം. പ്രധാനമന്ത്രി പദത്തിനായി ആരും കച്ചകെട്ടിയിരിക്കണ്ടെന്നും 2019ല്‍ ആ പദവിയില്‍ ഒഴിവുണ്ടാകാന്‍ പോകുന്നില്ലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവായ നഖ്‌വി പറയുന്നു.

“പുറപ്പെടാന്‍ തയ്യാറായിരിക്കുന്ന വിവാഹഘോഷയാത്ര പോലെയാണ് മഹാഗത്ബന്ധന്‍. വരനില്ലെന്നു മാത്രം. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ രണ്ടു ഡസനോളം പേരാണ് തയ്യാറായി ഇരിക്കുന്നത്.” അദ്ദേഹം പറയുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുക എന്ന ഉദ്ദേശത്തോടെ എസ്.പി, ബി.എസ്.പി, ആര്‍.ജെ.ഡി എന്നിവരും ഒപ്പം മറ്റു പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്നാണ് വിശാലസഖ്യം രൂപീകരിക്കുക.


Also Read: സി.സി.ടി.വി സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് ഗവര്‍ണര്‍; ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് കെജ്‌രിവാള്‍


പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യം രാഹുല്‍ ഗാന്ധിയുെട പേരു നിര്‍ദ്ദേശിക്കുകയും അതിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം കൂടി അത് പിന്‍വലിക്കുകയും ചെയ്ത പാര്‍ട്ടി നടപടിയെയും നഖ്‌വി ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

“ആദ്യം അവര്‍ പറഞ്ഞത് രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുക എന്നാണ്. 12 മണിക്കൂറിനകം അവര്‍ ആ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു. ഇത്ര ചുരുങ്ങിയ സമയത്തിനകം നിര്‍ദ്ദേശം പിന്‍വലിച്ചത് ഇതാദ്യത്തെ സംഭവമായിരിക്കും. നോമിനേഷനു മുന്നെത്തന്നെ പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്. ഇതാണ് ഇവരുടെ മഹാഗത്ബന്ധന്‍.” നഖ്‌വി പറയുന്നു.

അവിശ്വാസപ്രമേയ ചര്‍ച്ചയിലെ രാഹുലിന്റെ പ്രസംഗത്തെയും അദ്ദേഹം കണക്കിനു പരിഹസിക്കുന്നുണ്ട്. പ്രസംഗം ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതും അപഹാസ്യവുമായിരുന്നെന്ന് നഖ്‌വി പറയുന്നു.