Sports News
തുടക്കം മുതല്‍ ടീമില്‍ നല്ല കാര്യങ്ങളല്ല നടക്കുന്നത്; മുംബൈ ഇന്ത്യന്‍സിനെതിരെ കടുത്ത വിമര്‍ശനവുമായി ഗ്രെയിം സ്മിത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 04, 10:38 am
Saturday, 4th May 2024, 4:08 pm

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയോട് 24 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി മുംബൈ 2024ലെ ഐ.പി.എല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മാറി. 2012ന് ശേഷം ആദ്യമായി മുംബൈയെ അവരുടെ മണ്ണില്‍ കൊല്‍ക്കത്ത പരാജയപെടുത്തുന്നത്.

തോല്‍വിയോടെ ടീമിനെ നിരവധി ക്രിക്കറ്റ് നിരീക്ഷകരും താരങ്ങളും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ടീമിനെതിരെ സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്.

സീസണിന്റെ തുടക്കം മുതല്‍ മുംബൈയുടെ ഡ്രസ്സിങ് റൂമില്‍ അരാജകത്വം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ വ്യത്യസ്തമായ അവസ്ഥയാണ് ടീമില്‍ ഉണ്ടായത്. ഗ്രൗണ്ടില്‍ ടീമിന് കാര്യങ്ങള്‍ ശരിയാകില്ല എന്ന് സ്മിത്ത് അവകാശപ്പെടുകയും ചെയ്തു.

‘ഹാര്‍ദിക് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവന്‍ സമ്മര്‍ദത്തിലാണെന്ന് മനസിലാകും, ഇത് അവരുടെ ടീം അന്തരീക്ഷത്തില്‍ പിരിമുറുക്കം ഉണ്ടാക്കുകയും മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്തിരിക്കാം. എന്നിരുന്നാലും, അവരുടെ ബാറ്റിങ് നിരയില്‍ പോലും അവര്‍ ആശയക്കുഴപ്പത്തിലായതുപോലെ തോന്നി. മധ്യനിരയില്‍ വധേരയും തിലക് വര്‍മയും ബാറ്റ് ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് വ്യക്തമായ മറ്റ് പ്ലാനുകളൊന്നുമില്ല,’ സ്മിത്ത് പറഞ്ഞു.

‘ഈ വര്‍ഷം, ദിശാബോധമില്ലാത്ത ഒരു സ്‌ക്വാഡായിരുന്നു മുംബൈ. ഐ.പി.എല്ലിലെ പവര്‍ ഹൗസുകളിലൊന്നിന്റെ പ്രകടനം നിരാശാജനകമാണ്. എം.ഐ ആരാധകരെയും എം.ഐ ക്യാമ്പിനെയും അങ്ങേയറ്റം ഇത് വേദനിപ്പിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Graeme Smith Talking About Mumbai Indians Lose Against KKR