പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും
Kerala
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2014, 2:19 pm

[share]

[]തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക.അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ കണ്ണൂര്‍ കളക്ടറെ നേരത്തെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് നേരത്തെ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

1993 ല്‍ എം.വി. രാഘവന്‍ മുന്‍കൈയെടുത്ത സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളേജ് ഏറെക്കാലമായി രാഷ്ട്രീയ വിഷയങ്ങളില്‍ പ്രാധാന്യം നേടിയിരുന്നു.

സി.എം.പി.യുടെ ഭരണത്തിലായിരുന്ന മെഡിക്കല്‍ കോളേജ് ഭരണസമിതി 2011 ലാണ് എം.വി. ജയരാജന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം. പിടിച്ചെടുത്തത്.

യു.ഡി.എഫ് അധികാരത്തില്‍ വന്നതുമുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതിയും സര്‍ക്കാരും ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നില്ല.

അതേസമയം കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി രൂപയുടെ അധിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ഉണ്ടാകൂ.