ഇനി സിംഗിള്‍ പാരന്റിനും അവിവാഹിതര്‍ക്കും കുട്ടികളെ ദത്തെടുക്കാം; ദത്തെടുക്കല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം
ന്യൂദല്‍ഹി: ദത്തെടുക്കല്‍ നിയമങ്ങളില്‍ വ്യാപക അഴിച്ചു പണിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. പുതിയ നിര്‍ദേശം അനുസരിച്ച് സിംഗിള്‍ പാരന്റിനും അവിവാഹിതരായവര്‍ക്കും ഇനി മുതല്‍ കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കും. ഇവര്‍ക്ക് പുറമെ പങ്കാളി മരിച്ചവര്‍ക്കും ,വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും രണ്ട് വര്‍ഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാവുന്നതാണ്.
2016ലെ ഫോസ്റ്റര്‍ കെയര്‍ നിയമങ്ങള്‍ അനുസരിച്ച് നിയമപരമായി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് മാത്രമായിരുന്നു ദത്തെടുക്കാന്‍ അവസരമുണ്ടായിരുന്നത്. മാത്രമല്ല പരിചരണ കാലാവധി അഞ്ച് വര്‍ഷമായിരുന്നു. ഇതാണ് പുതിയ ഭേദഗതി പ്രകാരം രണ്ട് വര്‍ഷമായി കുറഞ്ഞത്.
സിംഗിള്‍ പാരന്റായ സ്ത്രീക്ക് ലിംഗഭേദമന്യേ ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ ദത്തെടുക്കാം. എന്നാല്‍ പുരുഷന് ആണ്‍കുട്ടിയെ മാത്രമാണ് ദത്തെടുക്കാന്‍ സാധിക്കുക. മക്കള്‍ ഉള്ളവര്‍ക്കും ഇനി മുതല്‍ ദത്തെടുക്കാന്‍ സാധിക്കും.
2021ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍)നിയമഭേദഗതി, 2022ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ഭേദഗതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ നടപടി.
വിവാഹിതരായവരില്‍ രണ്ട് വര്‍ഷമെങ്കിലും സുസ്ഥിരമായ ദാമ്പത്യം നയിച്ചവര്‍ക്ക് മാത്രമാണ് നിലവില്‍ ദത്തെടുക്കലിന് അനുമതി ലഭിക്കുക. കൂടാതെ മുന്‍ ചട്ടങ്ങളില്‍ ദമ്പതിമാര്‍ക്ക് രണ്ടുപേര്‍ക്കും 35 വയസ്സ് തികയണമെന്നും നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ചട്ടപ്രകാരം ദമ്പതിമാര്‍ക്ക് രണ്ട് പേര്‍ക്കും കൂടി 70 വയസ്സ് പൂര്‍ത്തിയായാല്‍ മതിയാകും. 6-12 വയസ്സുവരെയുള്ള കുട്ടികളെയും 12-18 വരെ പ്രായമുള്ളവരെയുമാണ് ദത്തെടുക്കാന്‍ സാധിക്കുക.
6-12 വയസ്സ് വരെയുള്ള കുട്ടികളെ ദത്തെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ പരമാവധി പ്രായം 55 വയസ്സാണ്. 12-18 വരെ പ്രായക്കാരെ ദത്തെടുക്കുന്നതിന് 60 വയസ്സാണ് പ്രായ പരിധി.
പുതിയ മാര്‍ഗനിര്‍ദേശം നിലവില്‍ വന്നതോടെ ദത്തെടുക്കല്‍ പ്രക്രിയയില്‍ നിലവിലുണ്ടായിരുന്ന വൈരുദ്ധ്യം ഇല്ലാതായെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കളിലൊന്നായ കാറ്റലിസ്റ്റ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ സത്യജീത്ത് മജുംദാര്‍ പ്രതികരിച്ചു.
‘ നിലവില്‍ ദത്തെടുക്കലിന് വിധേയമാകുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ക്ക് പലപ്പോഴും ഈ പ്രക്രിയയെക്കുറിച്ച് അറിയില്ല എന്നത് തന്നെയാണ് കാരണം. പലപ്പോഴും ഇത്തരം ഫോസ്റ്റര്‍ കെയറുകളില്‍ കുട്ടികള്‍ നേരിടുന്ന മാനസിക പിരിമുറുക്കം വളരെ വലുതാണ്. അതിനാല്‍ ഈ തീരുമാനം വളരെ പ്രശംസനീയമാണ്,’ മജുംദാര്‍ പ്രതികരിച്ചു.
ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം വഴി ഓണ്‍ലൈനായാണ് ദത്തെടുക്കലിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Content Highlight: Govt lifts regulations on adoption, allows single parent to adopt child