പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
Kerala
പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2013, 2:59 pm

തിരുവനന്തപുരം: കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. ഏറ്റെടുക്കുന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി. []

മെഡിക്കല്‍ കോളജുകളുടെ ആസ്തിയും ബാധ്യതകളും കലക്ടര്‍മാര്‍ തിട്ടപ്പെടുത്തും. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇതു സംബന്ധിച്ച് കണ്ണൂര്‍, എറണാകുളം ജില്ലാ കലക്ടര്‍മാരെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

1993ല്‍ എം.വി. രാഘവന്‍ മുന്‍കൈയെടുത്ത സ്ഥാപിച്ച പരിയാരം ഏറെക്കാലമായി രാഷ്ട്രീയ രംഗത്ത് ഒരു ചോദ്യചിഹ്നമായിരുന്നു.

സി.എം.പി.യുടെ ഭരണത്തിലായിരുന്ന മെഡിക്കല്‍ കോളേജ് ഭരണസമിതി 2011ലാണ് എം.വി. ജയരാജന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം പിടിച്ചെടുത്തത്.

യു.ഡി.എഫ് അധികാരത്തില്‍ വന്നതുമുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതിയും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനിടെ കഴിഞ്ഞ മാസം ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളംതെറ്റി.

നാലു കോടിയോളം രൂപയാണ് മെഡിക്കല്‍ കോളേജ് ആദായനികുതി ഇനത്തില്‍ അടയ്ക്കാനുണ്ടായിരുന്നത്. ഇതിലേക്കായി മെഡിക്കല്‍ കോളേജിന്റെ രണ്ട് അക്കൗണ്ടുകളില്‍ നിന്നായി ആദായനികുതി വകുപ്പ് 1.19 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെ ഭരണസമിതി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ തീരുമാനം വരുന്നത്.

സൗദിയില്‍ നിന്ന് മടങ്ങുന്നവരുടെ പുനരിധിവാസം പഠിക്കാനായി   മന്ത്രി സഭാ ഉപസമിതി രൂപീകരിക്കാനും തീരുമാനമായി. മന്ത്രി കെ.സി. ജോസഫ് ചെയര്‍മാനായുള്ള നാലംഗ സമിതിയാണ് രൂപീകരിച്ചത്.  അടൂര്‍ പ്രകാശ്, ഷിബു ബേബി ജോണ്‍, മഞ്ഞളാംകുഴി അലി എന്നിവരാണ്   ഉപസമിതിയിലുള്ള മറ്റ് അംഗങ്ങള്‍.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കും. അക്രമസംഭവങ്ങള്‍ ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരുക്കുന്നത്.