തിരുവനന്തപുരം: സ്മാരകങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയതിനെതിരെ ആര്‍.എം.പി.ഐ. എം.എല്‍.എ. കെ.കെ. രമ. ഈ പ്രതിസന്ധി കാലത്തു നിര്‍മ്മിക്കുന്ന സ്മാരകങ്ങള്‍, സ്മാരകത്തില്‍ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവര്‍ക്കുള്ള അനാദരവായിത്തീരുമെന്ന് കെ.കെ. രമ പറഞ്ഞു.
വാക്‌സിന്‍ വാങ്ങാന്‍ ആളുകളോട് പിരിവെടുക്കുന്നൊരു കാലത്ത്, പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കേണ്ട കരുതലും ഔചിത്യവും പ്രധാനമാണെന്നും രമ കൂട്ടിച്ചേര്‍ത്തു.
‘രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി പ്രതിമകളും സ്മാരകങ്ങളുമുണ്ടാക്കുന്ന കീഴ്വഴക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം’, രമ പറഞ്ഞു.
അന്തരിച്ച ജെ.എസ്.എസ്. നേതാവ് കെ. ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി. നേതാവ് ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകത്തിനായി 2 കോടി രൂപയാണ് രണ്ടാം ഇടത് സര്‍ക്കാര്‍ നീക്കിവെച്ചത്. ഒന്നാം ഇടത് സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം. മാണിയുടെ സ്മാരകത്തിനും ബജറ്റില്‍ തുക അനുവദിച്ചിരുന്നു.
ഈ പ്രതിസന്ധി കാലത്തു നിര്‍മ്മിക്കുന്ന സ്മാരകങ്ങള്‍, സ്മാരകത്തില്‍ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവര്‍ക്കുള്ള അനാദരവായിത്തീരും.
സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് സ്മാരകങ്ങള്‍ക്ക് വേണ്ടി കോടികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ ആളുകളോട് പിരിവെടുക്കുന്നൊരു കാലത്ത്, ഇന്നാട്ടിലെ വളരെ ദരിദ്രരായ മനുഷ്യര്‍ അവരുടെ ജീവിതസമ്പാദ്യമത്രയും വിറ്റുപെറുക്കി സര്‍ക്കാരിന് കൈയ്യയച്ചു നല്‍കുന്നൊരു കാലത്ത്, പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കേണ്ട കരുതലും ഔചിത്യവും എത്ര പ്രധാനമാണെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ടതല്ലേ?!
സംസ്ഥാനം കൊടുംപ്രതിസന്ധികളില്‍ നട്ടംതിരിയുന്ന ഈ സന്ദര്‍ഭത്തില്‍ ഒട്ടും ഔചിത്യമില്ലാത്ത ഈ തീരുമാനം സ്മാരകത്താല്‍ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവര്‍ക്കുള്ള അനാദരവായിത്തീരുമെന്നാണ് സര്‍ക്കാരിനോട് വിനയപൂര്‍വ്വം സൂചിപ്പിക്കാനുള്ളത്. രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി പ്രതിമകളും സ്മാരകങ്ങളുമുണ്ടാക്കുന്ന കീഴ്വഴക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. കെ.കെ.രമ