ജനവിരുദ്ധമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: മാധവ് ഗാഡ്ഗില്‍
Kerala
ജനവിരുദ്ധമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: മാധവ് ഗാഡ്ഗില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st March 2014, 7:22 am

[share]

[]ഇരിട്ടി: ജനോപകാരപ്രദമായ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിച്ച് ഭരണകൂടം, മാഫിയകള്‍ക്കായി ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മാധവ് ഗാഡ്ഗില്‍.

ജനോപകാരപ്രദമായ തന്റെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിച്ചാണ് കീടനാശിനി-ക്വാറി-റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടി ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന് മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. ഇത് മലയോര കര്‍ഷകരുടെ മനസ്സില്‍ അങ്ങേയറ്റം ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും പശ്ചിമഘട്ടം വഴി യാത്ര നടത്തിയും തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കൃഷിക്കാര്‍ക്കും ആദിവാസികള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ മാത്രമാണുള്ളത്. കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഒരു നിര്‍ദേശവും അടങ്ങിയിട്ടില്ല.

വീട് വെക്കാനോ കൃഷി ചെയ്യുന്നതിനോ വ്യവസായശാലകള്‍ നടത്തുന്നതിനോ റിപ്പോര്‍ട്ട് എതിരല്ല. പശ്ചിമഘട്ടത്തെ വിറ്റുകാശാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ-മത-കോര്‍പറേറ്റ്-ക്വാറി-ഖനന മാഫിയ കൂട്ടുകെട്ട് നമ്മുടെ ഭക്ഷ്യ-ആരോഗ്യ-കാലാവസ്ഥാ സുരക്ഷയെ തകര്‍ക്കുമെന്ന് തിരിച്ചറിയണമെന്നും ഗാഡ്ഗില്‍ പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം ഓരോ മേഖലയിലും നടപ്പാക്കേണ്ട വികസനവും, പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണയവും തീരുമാനിക്കേണ്ടത് അതാത് ഗ്രാമസഭകളാണ്. വനവും മലകളും ജലവും നിലനില്‍ക്കേണ്ടത് പ്രകൃതിയുടെ നിലനില്‍പിന് അനിവാര്യമാണെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്.

പ്രധാനമന്ത്രി മുതലുള്ളവര്‍ പറയുന്നത് വികസനമെന്നാല്‍ സാമ്പത്തിക വളര്‍ച്ചനിരക്കെന്നാണ്. എന്നാല്‍, വളര്‍ച്ചാനിരക്ക് ഉയര്‍ന്നപ്പോള്‍ തൊഴില്‍ വളര്‍ച്ചാനിരക്ക് ഒരു ശതമാനം മാത്രമായിരുന്നു.

വികസനത്തിന്റെ പേരില്‍ തയാറാക്കപ്പെടുന്ന പദ്ധതികള്‍ കരാറുകാര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്കും വേണ്ടി മാത്രമാണ്. കരാറുകാര്‍ ഭരിക്കപ്പെടുന്ന ഇന്ത്യയില്‍ കുറച്ചാളുകളുടെ വികസനമല്ല യഥാര്‍ത്ഥ വികസനമെന്ന തിരിച്ചറിവുണ്ടാവണം.

ദുഃഖത്തില്‍ നിന്നും സുഖത്തിലേക്കുള്ള യാത്രയാവണം വികസനമെന്നും പരിസ്ഥിതിയിലൂന്നിയ വികസനത്തിന് മാത്രമേ നിലനില്‍ക്കാനാവൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.