അങ്കാരാ: ഒരാഴ്ച്ചയോളമായി തെക്കന്‍ തുര്‍ക്കിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാട്ടുതീയില്‍ നൂറുകണക്കിന് ഹെക്ടര്‍ വനവും ഗ്രാമങ്ങളുമാണ് അഗ്‌നിക്കിരയായത്. എട്ട് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം തുര്‍ക്കിയില്‍ രാഷ്ട്രീയ വിവാദമായി മാറുകയാണ്.
തുര്‍ക്കിക്ക് പുറമെ ഗ്രീസ്, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലും കാട്ടുതീ പടരുന്നുണ്ടെങ്കിലും കുര്‍ദിഷ് തീവ്രവാദികളുടെമേല്‍ പഴിചാരുകയാണ് തുര്‍ക്കിഷ് ഭരണകൂടം. കാലാവസ്ഥ വ്യതിയാനവും ഉയര്‍ന്ന താപനിലയും കാട്ടുതീക്ക് കാരണമായി യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ചുരുങ്ങിയ ദിവസംകൊണ്ട് 17 നഗരങ്ങളിലായി നിരവധി തീപിടുത്തങ്ങള്‍ ഉണ്ടായത് അസാധാരണ സംഭവമാണെന്നാണ് തുര്‍ക്കിഷ് വാദം.
എന്നാല്‍ തീപിടുത്തത്തെ ഫലപ്രദമായി നേരിടുന്നതില്‍ എര്‍ദോഗന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷാരോപണം. തീ അണയ്ക്കാനുള്ള പ്രത്യേക വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ മേഖലയിലെ ഹെലിക്കോപ്ടറുകളാണ് സര്‍ക്കാര്‍ ഇതിനായി ഉപയോഗിക്കുന്നത്. തീ നിയന്ത്രിക്കാനായി യൂറോപ്യന്‍ യൂണിയനും ഗ്രീസും വാഗ്ദാനം ചെയ്ത സഹായം തുര്‍ക്കി നിരസിച്ചതും ജനങ്ങള്‍ക്കിടയില്‍ അപ്രീതിക്ക് കാരണമായിട്ടുണ്ട്. നിലവില്‍ യുക്രെയ്ന്‍, റഷ്യ, അസര്‍ബൈജാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഹായം മാത്രമെ തുര്‍ക്കി സ്വീകരിച്ചിട്ടുള്ളു.
രാജ്യത്ത് ഉയര്‍ന്ന് നില്‍ക്കുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും എര്‍ദോഗന്‍ സര്‍ക്കാരിന്റെ ജനപ്രീതിയില്‍ കാര്യമായ ഇടിവുണ്ടാക്കുന്നതായി ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ കണ്ടെത്തലിന് ബലമേകുന്ന ചില സംഭവവികാസങ്ങളും അടുത്തിടെ രാജ്യത്ത് അരങ്ങേറുകയുണ്ടായി.
കഴിഞ്ഞയാഴ്ച്ച അന്റാലിയയില്‍ തുര്‍ക്കിഷ് വിദേശകാര്യമന്ത്രി മേവുലുത്ത് ചാവുഷോളയെ ജനങ്ങള്‍ കൂകിവിളിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എര്‍ദോഗന്‍ സര്‍ക്കാരിലെ ഒരു ഉയര്‍ന്ന അംഗത്തിനു നേരെ അത്തരത്തിലുള്ള ഒരു പ്രതിഷേധം കേട്ടുകേള്‍വി ഇല്ലാത്തതാണ്.
തുര്‍ക്കിയിലെ മനവ്ഗത്ത് നഗരത്തിനു സമീപത്തെ ദുരന്ത സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ പ്രസിഡന്റ് എര്‍ദോഗനു എതിരേയും ജനവികാരം ഉയര്‍ന്നു. 2023ല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നേരിടുന്ന എര്‍ദോഗന് ശുഭകരമായ ഒരു സാഹചര്യം അല്ല നിലവില്‍ രാജ്യത്തുള്ളത്.