Daily News
കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 10, 03:06 pm
Wednesday, 10th February 2016, 8:36 pm

ksrtc-01തിരുവനന്തപുരം: കെ.എസ്.ആര്‍.ടി ഓര്‍ഡിനറി ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കാന്‍ മന്ത്രി സഭാ തീരുമാനം. ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് മന്ത്രി സഭയുടെ പുതിയ തീരുമാനം. ഇതോടെ കെ.എസ് ആര്‍.സി ടിക്കറ്റ് നിരക്ക് 7 രൂപയില്‍  നിന്നും ആറ് രൂപയായികുറയും.

ഇന്ധനവിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് നേരത്തെ ആറ് രൂപയില്‍ നിന്നും എഴ് രൂപയാക്കി ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. എന്നാല്‍ പിന്നീട് പല തവണ ഇന്ധനവില കുറഞ്ഞിട്ടും ബസ് ചാര്‍ജ് കുറയ്ക്കാന്‍ ബസ് ഉടമകള്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞവര്‍ഷം ഇന്ധന വില കുറഞ്ഞ അവസരത്തില്‍ ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.

ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ ശുപാര്‍ശ നല്‍കിയ ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത് വളരെ വൈകിയാണെന്നും അതുകൊണ്ട് കാര്യമായ ഗുണമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു അന്ന് ബസ്സുടമകള്‍ വാദം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ ബസ് ചാര്‍ജ് കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുന്നത്.