യോഗി അധിപനായ മഠം സ്ഥിതി ചെയ്യുന്ന ബൂത്തില്‍ ബി.ജെ.പിക്ക് മൂന്നാം സ്ഥാനം; കിട്ടിയത് വെറും 43 വോട്ട്; എസ്.പിക്ക് 1775
UP Election
യോഗി അധിപനായ മഠം സ്ഥിതി ചെയ്യുന്ന ബൂത്തില്‍ ബി.ജെ.പിക്ക് മൂന്നാം സ്ഥാനം; കിട്ടിയത് വെറും 43 വോട്ട്; എസ്.പിക്ക് 1775
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th March 2018, 2:54 pm

 

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധിപനായ ഗോരഖ്‌നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബൂത്തില്‍ ബി.ജെ.പിക്ക് 50 വോട്ടുപോലുമില്ല. ഇവിടെ കോണ്‍ഗ്രസിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ബി.ജെ.പി.

1775 വോട്ടു ലഭിച്ച സമാജ് വാദി പാര്‍ട്ടി തന്നെയാണ് ഇവിടെയും ഒന്നാമത്. ബി.ജെ.പിക്ക് 43 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 56 വോട്ടുകള്‍ ലഭിച്ചെന്നിരിക്കെയാണിത്.

1989 മുതല്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ അധിപതരാണ് ഗോരഖ്പൂരില്‍ മത്സരിച്ചു ജയിച്ചിട്ടുള്ളത്. യോഗിയുടെ മുന്‍ഗാമിയായിരുന്ന മഹന്ത് അവേദ്യനാഥായിരുന്നു യോഗിക്കു മുമ്പ് ഈ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ചത്.

21,881 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗോരഖ്പൂരില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് വിജയിച്ചത്.

1998 മുതല്‍ അഞ്ചുതവണ ഗോരഖ്പൂര്‍ യോഗി ആദിത്യനാഥിന്റെ കൈകളിലായിരുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 53.85% വോട്ടുകള്‍ നേടിയാണ് യോഗി ആദിത്യനാഥ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.

1989നുശേഷം രണ്ടുതവണ മാത്രമാണ് ഗോരഖ്പൂരില്‍ ബി.ജെ.പിക്ക് കനത്ത പോരാട്ടം നേരിടേണ്ടിവന്നത്. 1998ലും 1999ലും. 1998ല്‍ വെറും 26,206 വോട്ടുകള്‍ക്കാണ് യോഗി ജയിച്ചത്. 99ലാകട്ടെ 7339 വോട്ടുകള്‍ക്കും.