ഗോകുലം മൂവീസ് മാസ്; ജവാന്റെ കേരള തമിഴ്‌നാട് വിതരണം സ്വന്തമാക്കിയത് റെക്കോഡ് തുകക്ക്
Entertainment news
ഗോകുലം മൂവീസ് മാസ്; ജവാന്റെ കേരള തമിഴ്‌നാട് വിതരണം സ്വന്തമാക്കിയത് റെക്കോഡ് തുകക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th August 2023, 7:28 pm

ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ചിത്രം ജവാന്റെ തമിഴ്നാട് കേരള വിതരണം റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കി ഗോകുലം മൂവിസ്

ഖാന്‍ ഷാരുഖ് ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി.

ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ ‘മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യുഷന്‍ രംഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജവാന്‍ തമിഴ്നാട്ടില്‍ കൂടി വിതരണം ചെയ്യുന്നത്. തമിഴ്നാട്ടില്‍ കൂടി വ്യാപിപ്പിക്കുമ്പോള്‍ നല്ലൊരു പെര്‍ഫെക്ട് ചിത്രത്തോടെ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ജവാനിലൂടെ തമിഴ്നാട്ടില്‍ കൂടി ശ്രീ ഗോകുലം മൂവീസ് തുടക്കം കുറിക്കുകയാണ്’.

തമിഴ് സംവിധായകന്‍ അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ്നാട്ടിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ റെഡ് ജയന്റ് മൂവീസാണ്. കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്.

വലിയ വിജയം നേടിയ പത്താന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

തിയേറ്ററുകളില്‍ വലിയ വിജയം നേടി തരംഗമായി മാറിയ രജനികാന്ത് ചിത്രം ജയിലര്‍ കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ജവാനും വിതരണം ചെയ്യുന്നത്.

Content Highlight: Gokulam movies bagged the rights of jawan movie in kerala & tamilnadu