സിനിമാ പ്രേമികൾ ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ അഭിനയത്തെ എല്ലാവരും പ്രശംസിക്കുമ്പോൾ എടുത്തു പറയുന്ന കഥാപാത്രമാണ് ഹക്കീം. ചിത്രത്തിൽ ഹക്കീം എന്ന കഥാപാത്രം അവതരിപ്പിച്ചത് ഗോകുലാണ്.
ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ നോവൽ വായിച്ചിട്ടില്ലെന്ന് പറയുകയാണ് ഗോകുൽ. ഒഡിഷൻ കഴിഞ്ഞിട്ട് അടുത്ത ദിവസമാണ് പുസ്തകം താൻ വായിക്കുന്നതെന്നും ഗോകുൽ പറഞ്ഞു. ഒഡിഷൻ പോകുന്ന സമയത്ത് ട്രെയിനിൽ വെച്ച് ഏട്ടനാണ് ഹക്കീം എന്ന കഥാപാത്രത്തെക്കുറിച്ച് തന്നോട് പറയുന്നതെന്നും ഗോകുൽ കൂട്ടിച്ചേർത്തു. ആ യാത്രയുടെ ഒഡിഷനിൽ സെലക്ട് ആയില്ലേലും പുസ്തകം വാങ്ങുമെന്ന് കരുതിയെന്നും ഗോകുൽ മീഡിയ വണ്ണിനോട് പറഞ്ഞു.
‘സിനിമയ്ക്ക് മുമ്പ് ഞാൻ നോവൽ വായിച്ചിട്ടില്ല. ഒഡിഷൻ കഴിഞ്ഞിട്ട് പിറ്റേദിവസമാണ് പുസ്തകം വാങ്ങിയിട്ട് ഞാൻ വായിക്കുന്നത്. എല്ലാ മലയാളികളെയും പോലെ ഒറ്റയിരിപ്പിന് മൂന്ന് മണിക്കൂർ കൊണ്ട് വായിച്ചെടുത്ത ആളാണ് ഞാൻ. അതിനുശേഷം ആണ് ഹക്കീമിനെ കുറിച്ച് അറിയുന്നത്.
ഞാൻ ഒഡിഷൻ പോകുന്ന സമയത്ത് ട്രെയിനിൽ വെച്ച് എന്റെ ഒരു ഏട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ ഏജ് റേഞ്ചിൽ ഉള്ളത് ഹക്കീം എന്ന കഥാപാത്രം ആയിരിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹക്കീമിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു.
കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയിൻ യാത്രക്കിടയിൽ നിന്ന് അന്നാണ് ഞാൻ ആദ്യമായിട്ട് ഹക്കീം എന്നുള്ള പേര് കേൾക്കുന്നത്. അന്ന് ആ കാര്യങ്ങൾ കേട്ടപ്പോൾ ഉറപ്പിച്ചതാണ് സിനിമ കിട്ടിയാലും ഇല്ലെങ്കിലും പുസ്തകം വാങ്ങണം വായിക്കണം എന്ന്,’ ഗോകുൽ പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളിത്തിരയിലെത്തിയിരിക്കുന്ന ചിത്രത്തിലെ ഗോകുലിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.
Content Highlight: Gokul about when he read aadujeevitham novel