ഗോവയില്‍ ബി.ജെ.പി കരകയറിയത് കഷ്ടിച്ച്; പകുതി സീറ്റിലും നേരിയ ഭൂരിപക്ഷം
National Politics
ഗോവയില്‍ ബി.ജെ.പി കരകയറിയത് കഷ്ടിച്ച്; പകുതി സീറ്റിലും നേരിയ ഭൂരിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 9:02 am

പനാജി: ഗോവയില്‍ ആകെയുള്ള 40 സീറ്റില്‍ ബി.ജെ.പി നേടിയത് 20 സീറ്റാണ്.
ഇതില്‍ പകുതി സീറ്റിലും നേരിയ ഭൂരിപക്ഷം മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. പത്ത് സീറ്റുകളില്‍ ഭൂരിപക്ഷം 76 നും 716 നുമിടയിലാണ്.

ഗോവയില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമായിരുന്നു പനാജി. ബി.ജെ.പി നേതാവ് മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ ബി.ജെ.പിക്കെതിരെ മത്സരിച്ചു. അറ്റാന്സിയോ സറേട്ട് ആയിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. മല്‍സരത്തില്‍ ബി.ജെ.പി ജയിച്ചു. ഭൂരിപക്ഷം 716 വോട്ടായിരുന്നു.

ദക്ഷിണ ഗോവയിലെ പ്രിയോള്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഗോവിന്ദ് ഗൗഡെ ജയിച്ചത് 213 വോട്ടുകള്‍ക്കാണ്.

മുഖ്യമന്ത്രി പ്രമോദ് സാവന്ത് മല്‍സരിച്ച സാന്‍ക്വിലിം മണ്ഡലത്തില്‍ 666 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം ജയിച്ചത്.

പോണ്ട നിയോജക മണ്ഡലത്തില്‍ ബി.ജെ.പിയുടെ രവി നായിക് ജയിച്ചത് 77 വോട്ടിനാണ്.

കൊര്‍കോറം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി നിലേഷ് കബ്രാള്‍ ജയിച്ചത് 672 വോട്ടുകള്‍ക്കാണ്.

ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മാത്രമല്ല, മറ്റു സ്ഥാനാര്‍ഥികള്‍ ജയിച്ചതും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്.

ഗോവയില്‍, കോണ്‍ഗ്രസിന് 11 സീറ്റും എ.എ.പി, എം.ജി.പി എന്നിവര്‍ക്ക് രണ്ടു സീറ്റുകള്‍ വീതവും ജി.എഫ്.പി, ആര്‍.ജി.പി എന്നിവര്‍ക്ക് ഓരോ സീറ്റുകളുമാണ് കിട്ടിയത്. മൂന്ന് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.

Content Highlights: Goa election Result, analysis of BJP’s victory