ന്യൂദല്‍ഹി: ആഗോള പട്ടിണി സൂചികയുടെ റിപ്പോര്‍ട്ടുകള്‍ നിരുത്തരവാദപരവും, നികൃഷ്ടവുമാണെന്ന് ആര്‍.എസ്.എസ് പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം). ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയതിന് പ്രസാധകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു.
‘ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നിരുത്തരവാദപരവും, നികൃഷ്ടവുമായാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തെറ്റാണെന്ന് മാത്രമല്ല, വിശകലനത്തിലും വിവരങ്ങള്‍ ശേഖരിച്ചതിലും പിഴവ് സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയെയും ഇന്ത്യ എതിര്‍ത്തിരുന്നു. അന്ന് തെറ്റുകള്‍ തിരിത്തുമെന്ന് ‘ദി വേള്‍ഡ് ഫുഡ് ഓര്‍ഗനൈസേഷന്‍’ ഉറപ്പു നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്,’ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഒക്ടോബര്‍ 15നാണ് ആഗോള പട്ടിണി സൂചിക പുറത്തുവന്നത്. നിലവില്‍ 121 രാജ്യങ്ങളുള്ള പട്ടികയില്‍ 107ാം സ്ഥാനത്താണ് ഇന്ത്യ. 2021ല്‍ 116 രാജ്യങ്ങളില്‍ 101ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയിലെ സ്‌കോര്‍.
അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ഭരണ പ്രതിസന്ധിയിലായ ശ്രീലങ്ക എന്നിവരെക്കാളെല്ലാം പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
എന്നാല്‍ അശാസ്ത്രീയമായ രീതിയിലാണ് ഇന്‍ഡക്‌സ് കണക്കാക്കുന്നതെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
‘ഭക്ഷ്യ സുരക്ഷയും ജനസംഖ്യയുടെ പോഷകാഹാര ആവശ്യകതകളും നിറവേറ്റാത്ത ഒരു രാഷ്ട്രമെന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടി ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നിരന്തരമായ ശ്രമം ദൃശ്യമാണ്. തെറ്റായ വിവരങ്ങളാണ് വര്‍ഷം തോറും പുറത്തിറക്കുന്ന ആഗോള പട്ടിണി സൂചികയുടെ മുഖമുദ്ര,’ കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സൂചികയിലുള്ളത് വിശപ്പിന്റെ തെറ്റായ അളവുകോലാണ്. ഗുരുതരമായതും രീതിശാസ്ത്രപരമായതുമായ പ്രശ്‌നങ്ങള്‍ പട്ടിക നേരിടുന്നു. നാല് സൂചകങ്ങളില്‍ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. അത് മാത്രമല്ല ആ സൂചകങ്ങള്‍ക്ക് മുഴുവന്‍ ജനസംഖ്യയുടെയും കാര്യം പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.