India
കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കും: വി. നാരായണസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Dec 15, 03:35 am
Saturday, 15th December 2012, 9:05 am

ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് കരാര്‍ പ്രകാരം വൈദ്യുതി നല്‍കുമെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി.

അടുത്ത മാസത്തോടെ കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി നല്‍കും. അടുത്ത ഏപ്രിലില്‍ കേരളത്തിന്റെ വിഹിതം 266 മെഗാവാട്ട് ആവുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള അദ്ദേഹം പറഞ്ഞു.[]

ഈ മാസം അവസാനത്തോടെ കൂടംകുളത്ത് വൈദ്യുതി ഉത്പാദനം തുടങ്ങാനാവും. അടുത്ത മാസത്തോടെ ഒന്നാം ഘട്ടമായ 1000 മെഗാവാട്ട് വൈദ്യുതി എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടംകുളത്ത് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദനം നടക്കുന്നുണ്ട്. സുരക്ഷിതമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടും നിലയത്തിനെതിരെ ഇപ്പോഴും പ്രതിഷേധമുയരുന്നത് നിര്‍ഭാഗ്യകരമാണ്.

നിലയം സുരക്ഷിതമാണെന്നത് യാഥാര്‍ഥ്യമാണ്. കൂടംകുളം ആണവനിലയം ജനങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാവില്ല. പിന്നെ ഇതിനെതിരെ നടക്കുന്ന പ്രതിഷേധം എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടംകുളത്തു നിന്ന് കേരളത്തിന് വൈദ്യുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് അയച്ച കത്ത് ലഭിച്ചതായും ഉടന്‍ തന്നെ അനുകൂല നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.