കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് റാലിക്കിടെ താനൊരു ഹിന്ദുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹിന്ദുവായ ആളാണ് മമതയെന്നാണ് അദ്ദേഹം പറഞ്ഞത്.
‘തെരഞ്ഞെടുപ്പ് അടുത്തതോടെ മമത ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവര്‍ക്ക് അറിയില്ല,’ ഗിരിരാജ് സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ റാലിക്കിടെയാണ് താനൊരു ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത രംഗത്തെത്തിയത്.
70:30 എന്ന വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാകില്ല. ഞങ്ങള്‍ക്ക് എല്ലാവരും തുല്യരാണെന്നും മമത പറഞ്ഞിരുന്നു. ഹിന്ദു- മുസ്‌ലിം കാര്‍ഡിറക്കിയാണ് സുവേന്തു അധികാരി പ്രചരണം നടത്തുന്നതെന്നും മമത പറഞ്ഞു.
‘ഞാനൊരു ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നെ ആരും ഹിന്ദു ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല’, എന്നായിരുന്നു മമത പറഞ്ഞത്. നന്ദിഗ്രാമിലെ പാര്‍ട്ടി യോഗത്തില്‍ മന്ത്രം ജപിച്ചാണ് മമത പങ്കെടുത്തത്. ബുധനാഴ്ചയാണ് മമത നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.
തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്തു അധികാരിയും മമതാ ബാനര്‍ജിയുമാണ് നന്ദിഗ്രാമില്‍ ഏറ്റുമുട്ടുന്നത്. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്തു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ എത്തിയത്. മമത സ്ഥിരം മത്സരിക്കുന്ന ഭവാനിപുരില്‍ നിന്ന് മാറിയാണ് ഇക്കുറി നന്ദിഗ്രാമില്‍ ജനവിധി തേടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക