ന്യൂദല്‍ഹി: കര്‍ഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കര്‍ഷകര്‍.
തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല, ട്രാക്ടറുമായി തയ്യാറാവുക എന്നാണ് കര്‍ഷക സമര നേതാവ് രാകേഷ് ടികായത് പറഞ്ഞത്.
” സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല. നമ്മള്‍ കൈകാര്യം ചെയ്യണം. ട്രാക്ടറുകള്‍ ഉപയോഗിച്ച് തയ്യാറെടുപ്പ് നടത്തണം. ഭൂമി സംരക്ഷിക്കാന്‍ പ്രസ്ഥാനം ശക്തമാക്കേണ്ടതുണ്ട്,” ടികായത് പറഞ്ഞു.
കേന്ദ്രവും കര്‍ഷകരുമായി ഇതുവരെ 11ലേറെ തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. ഇത് ഇരുപക്ഷത്തിനിടയിലും പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാമെന്നു സര്‍ക്കാര്‍ കര്‍ഷകരോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക യൂണിയനുകള്‍ തയ്യാറായിരുന്നില്ല.
പിന്നീട് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും നിയമം നടപ്പാക്കുന്നതു തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയേയും കോടതി നിയമിച്ചിരുന്നു.