ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ ഒന്നാണ് അര്‍ജന്റീനയെന്ന് തുറന്നുപറഞ്ഞ് ജര്‍മന്‍ മുന്നേറ്റതാരം ടിമോ വെര്‍ണര്‍.
ലയണല്‍ മെസിയും മറ്റ് സൂപ്പര്‍ താരങ്ങളുമെല്ലാം ഉള്ളതുകൊണ്ടുതന്നെ അര്‍ജന്റീന എല്ലായിപ്പോഴും ലോകകപ്പ് നേടാന്‍ സാധ്യയതയുള്ള ടീമാണെന്നായിരുന്നു വെര്‍ണര്‍ പറഞ്ഞത്.
നായകന്‍ ലയണല്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ സാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് വെര്‍ണറിന്റെ അഭിപ്രായം.
ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ടിമോ വെര്‍ണര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
‘അര്‍ജന്റീന എല്ലായിപ്പോഴും ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നുതന്നെയാണ്. പ്രത്യേകിച്ചും ലയണല്‍ മെസിയും മറ്റനേകം മികച്ച താരങ്ങളും സ്‌ക്വാഡില്‍ ഉള്ളതിനാല്‍ തന്നെ.
അവര്‍ ഉജ്ജ്വലമായ ടീമാണ്. മൂന്ന് ഗോളുകളാണ് അവര്‍ ഇറ്റലിക്കെതിരെ നേടിയത്. തീര്‍ച്ചയായും അര്‍ജന്റീന ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നാണ്,’ വെര്‍ണര്‍ പറഞ്ഞു.
നേരത്തെ ക്രോയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചും സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വസും അര്‍ജന്റീനയ്ക്ക് സാധ്യത കല്‍പിച്ച് രംഗത്തെത്തിയിരുന്നു.
‘മുമ്പത്തെക്കാള്‍ ടീമെന്ന നിലയില്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. അവര്‍ കുറേ നാളുകളായി കളികള്‍ തോറ്റിട്ടില്ല. അത് അവരുടെ ടീമിന്റെ ശക്തിയെ കുറിച്ച് വ്യക്തമാക്കുന്നു.
മെസി ഉള്ളത് കൊണ്ട് അവര്‍ എന്നും ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളില്‍ ഒരാളാണ്,’ ഇങ്ങനെയായിരുന്നു മോഡ്രിചിന്റെ വാക്കുകള്‍.അര്‍ജന്റീനയുടെ കൂടെ ബ്രസീലും ലോകകപ്പിലെ ഫേവറേറ്റുകളാണെന്നാണ് സ്പാനിഷ് കോച്ച് ഹെന്റിക്വസ് പറഞ്ഞത്.
പരിശീലകസ്ഥാനത്തേക്ക് ലയണല്‍ സ്‌കലോണി എത്തിയതിന് പിന്നാലെ ഇത്രയും നാള്‍ കാണാത്ത അര്‍ജന്റീനയെ ആണ് ഫുട്‌ബോള്‍ ലോകം കണ്ടത്. ഓരോ മത്സരം കഴിയുമ്പോള്‍ കരുത്തരായാണ് സ്‌കലോണി തന്റെ കുട്ടികളെ മാറ്റിയെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക കിരീടവും ജൂണ്‍ ആദ്യം ഇറ്റലിയെ കീഴടക്കി ഫൈനലിസിമ കിരീടവും സ്വവന്തമാക്കിയത് ഇതേ കരുത്തിന്റെ പുറത്താണ്.
ലയണല്‍ സ്‌കലോണി എന്ന പരിശീലകന്റെ തന്ത്രവും, ആ തന്ത്രം മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്യുന്ന ലയണല്‍ മെസി എന്ന നായകനും ഒപ്പം മെസിക്കായി ചാവേറുകളെ പോലെ ചങ്ക് പറിച്ചുകൊടുക്കുന്ന താരങ്ങളുമാവുമ്പോള്‍ എല്ലാവരും അര്‍ജന്റീനയെ പേടിക്കുക തന്നെ വേണം.
നവംബര്‍ 22-ന് സൗദി അറേബ്യയ്ക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് സിയില്‍ ആരംഭിക്കും, തുടര്‍ന്ന് മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് മത്സരങ്ങള്‍.
Content Highlight: German Striker Timo Werner says Argentina has a chance to win 2022 World Cup