Sports News
സ്പര്‍സിനെതിരെയുള്ള മിന്നും ഫോം; ഇതിഹാസങ്ങള്‍ക്കൊപ്പം മൂന്നാമനായി ഇനി വെസ്റ്റ് ഹാം താരവും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 08, 05:52 am
Friday, 8th December 2023, 11:22 am

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. ടോട്ടന്‍ഹാമിന്റെ ജയമില്ലാത്ത തുടര്‍ച്ചയായ അഞ്ചാം മത്സരമായിരുന്നു ഇത്. മത്സരത്തില്‍ വെസ്റ്റ് ഹാമിനായി ജെറാഡ് ബോവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വെസ്റ്റ് ഹാമിന്റെ ആദ്യ ഗോള്‍ നേടിയത് ബോവന്‍ ആയിരുന്നു. ഈ തകര്‍പ്പന്‍ ഗോളിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടവും താരത്തെ തേടി എത്തിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴ് എവേ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ തരാമെന്ന നേട്ടത്തിലേക്കാണ് ജെറാഡ് ബോവന്‍ നടന്നുകയറിയത്.

ഒമ്പത് ഗോളുകളുമായി നെതര്‍ലാന്‍ഡ്സ് മുന്‍ താരം റോബിന്‍ വാന്‍ പേഴ്‌സിയും ഏഴ് ഗോളുകളുമായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം അഗ്യൂറോയും ആണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് വെസ്റ്റ് ഹാം അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയുമാണ് സ്പര്‍സ് പിന്തുടര്‍ന്നത്.മത്സരത്തിന്റെ 11 മിനിട്ടില്‍ ക്രിസ്ത്യന്‍ റോമാറോയിലൂടെ ടോട്ടന്‍ഹാം ആണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതി പിന്നിട്ടപ്പോള്‍ സ്പര്‍സ് 1-0ത്തിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ വെസ്റ്റ് ഹാം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. 52 മിനിട്ടില്‍ ജറോഡ് ബോവനിലൂടെ വെസ്റ്റ് ഹാം മറുപടി ഗോള്‍ നേടി. 74 മിനിട്ടില്‍ ജെയിംസ് വാര്‍ഡ് പ്രൗസിലൂടെ വെസ്റ്റ് ഹാം വിജയഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ടോട്ടന്‍ഹാം മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ മിന്നും ജയം വെസ്റ്റ് ഹാം സ്വന്തമാക്കുകയായിരുന്നു.ജയത്തോടെ പ്രീമിയര്‍ ലീഗില്‍ 15 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് വെസ്റ്റ് ഹാം. ഇംഗ്ലീഷ് പ്രീമികള്‍ ഡിസംബര്‍ 10ന് ഫുള്‍ ഫാമിനെതിരെയാണ് വെസ്റ്റ് ഹാമിന്റെ അടുത്ത മത്സരം.

content highlights; Gerard Bowen became the third player in English Premier League history to score in seven consecutive away games