റൊണാൾഡോ ആ ടീം വിട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി: ജോര്‍ജിന റോഡ്രിഗസ്
Football
റൊണാൾഡോ ആ ടീം വിട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി: ജോര്‍ജിന റോഡ്രിഗസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 2:02 pm

2021ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പര്‍മാരായ യുവന്റസില്‍ നിന്നും വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം മടങ്ങിവരവില്‍ വെറും രണ്ട് സീസണുകളില്‍ മാത്രമേ പോര്‍ച്ചുഗീസ് ഇതിഹാസത്തിന് റെഡ് ഡെവിള്‍സിനൊപ്പം പന്തുതട്ടാന്‍ സാധിച്ചുള്ളൂ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡ് വിട്ടത്.

ഇപ്പോള്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് റൊണാള്‍ഡോയുടെ പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ്. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക് പോയപ്പോള്‍ തനിക്ക് സന്തോഷയമായെന്നാണ് ജോര്‍ജീന പറഞ്ഞത്. ഫുട്‌ബോള്‍ ട്രാന്‍സ്ഫറിലൂടെ സംസാരിക്കുകയായിരുന്നു ജോര്‍ജീന.

‘റയല്‍ മാഡ്രിഡ് ആരാധകര്‍ എപ്പോഴും ക്രിസ്റ്റ്യാനോയുടെ പേര് ചാന്റായി പാടുമായിരുന്നു. അതുകൊണ്ട് തന്നെ റയല്‍ ആരാധകരില്‍ നിന്നും ഇത് കേള്‍ക്കാന്‍ റൊണാള്‍ഡോക്ക് വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തോടുള്ള അവരുടെ സ്‌നേഹത്തില്‍ റൊണാള്‍ഡോ നന്ദിയുള്ളവനായിരുന്നു.

റൊണാള്‍ഡോ എവിടെ പോയാലും ഇത്തരത്തില്‍ ആളുകള്‍ അവനെ സന്തോഷിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും അല്‍ നാസറിലേക്ക് പോയപ്പോള്‍ എനിക്ക് വളരെയധികം ആശ്വാസം തോന്നി.’ ജോര്‍ജിന റോഡ്രിഗസ് പറഞ്ഞു.

അതേസമയം അടുത്തിടെ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.

ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റോടെ ആറാം സ്ഥാനത്താണ് അല്‍ നസര്‍.

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന് അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Georgina Rodriguez talks about Cristaino Ronaldo leaving Manchester United