കോഴിക്കോട്: തിരുവമ്പാടി എംഎല്‍.എ. ജോര്‍ജ് എം തോമസ് ഉള്‍പ്പെട്ട കേസിലെ മിച്ചഭൂമി മറിച്ച് വിറ്റതിന് തെളിവ്. കേസില്‍പ്പെട്ട ഭൂമി ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് ഭൂമി വാങ്ങിയവര്‍ ലാന്‍ഡ് ബോര്‍ഡിന സമീപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ കേസില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ ജോര്‍ജ്.എം. തോമസിന് നോട്ടീസ് ലഭിച്ചു. അടുത്ത മാസം 27ന് ഹാജരാകാനാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ട എം.എല്‍.എ.യുടെ സഹോദരങ്ങള്‍ക്കും നോട്ടീസ് അയച്ചു.
കൊടിയത്തൂര്‍ വില്ലേജില്‍ എം.എല്‍.എയും സഹോദരങ്ങളും കൈവശം വെച്ച 16.4 ഏക്കര്‍ മിച്ചഭൂമി തിരിച്ചുപിടിക്കാനാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. 1976നാണ് ഇതിനായുള്ള നടപടി തുടങ്ങിയത്. ഇതിനിടയില്‍ ബോര്‍ഡിനെ ചോദ്യം ചെയ്ത് കേസിലുള്‍പ്പെട്ടവര്‍ ഹൈക്കോടതിയില്‍ പോയി. ഇതിനിടയിലാണ് അധിക ഭൂമി മറിച്ചുവിറ്റത്. ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കാനിരുന്ന 158 ബാര്‍ 2 സര്‍വേ നമ്പറിലെ 5.77 ഏക്കര്‍ ഭൂമി 1984ല്‍ വിറ്റതായാണ് രേഖകള്‍.
2000ല്‍ അധികഭൂമി ഏറ്റെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തവിട്ടതോടെ ഭൂമി വാങ്ങയിവര്‍ വെട്ടിലായി. തങ്ങളുടെ ഭൂമി കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ച രേഖയും ഏഷ്യാനെറ്റ് പുറത്തുവിടുന്നുണ്ട്.
തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും പരാതിക്കാരെ കേള്‍ക്കാന്‍ കോടതി ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ എം.എല്‍.എ. ഉള്‍പ്പെട്ട കേസ് ഇപ്പോഴും തീരുമാനമായിട്ടില്ല.